വാഹനാപകടത്തിൽ പരിക്കേറ്റ് 45 ദിവസമായി അബോധാവസ്ഥയിൽ; ഗുജറാത്ത് സ്വദേശിനിയെ കെ.എം.സി.സി ഇടപെടലിലൂടെ എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചു
text_fieldsജുബൈൽ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 45 ദിവസത്തോളം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിനിയെ എയർ ആംബുലൻസ് വഴി നാട്ടിലെത്തിച്ചു. തസ്‌നീ പെട്രോകെമിക്കൽ കമ്പനിയിലെ ജീവനക്കാരനായ ഫയാസ് കഡിവാലയുടെ ഭാര്യ അജ്‌റ ബാനുവിനെയാണ് വിദഗ്ധ തുടർചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോയത്.
ദമ്മാം എയർപോർട്ട് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അജ്‌റ ബാനുവിന് ഗുരുതരമായി പരിക്കേറ്റത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഭർത്താവ് ഫയാസ് കഡിവാലയും മക്കളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അജ്‌റ ബാനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 45 ദിവസമായി ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു.
തുടർചികിത്സക്കായി രോഗിയെ നാട്ടിലേക്ക് മാറ്റേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ കിഴക്കൻ മേഖല കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഒ.പി. ഹബീബ്, ജോയിൻറ് സെക്രട്ടറി ടി.ടി. കരീം, കെ.എം.സി.സി പ്രവർത്തകരായ നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ പള്ളിയാളി എന്നിവർ വിഷയത്തിൽ ഇടപെടുകയും രോഗിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ എയർ ആംബുലൻസ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു.
ഗുരുതരാവസ്ഥയിലായതിനാൽ സാധാരണ വിമാനത്തിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ, ആവശ്യമായ മെഡിക്കൽ സംവിധാനങ്ങളോടുകൂടിയ എയർ ആംബുലൻസിലാണ് ഇവരെ നാട്ടിലേക്ക് മാറ്റിയത്. ആശുപത്രിയിലെ ചികിത്സയും യാത്രക്കാവശ്യമായ മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ഇന്ത്യയിലെത്തിച്ചത്.
നാട്ടിലെ ആശുപത്രിയിൽ തുടർചികിത്സ ആരംഭിച്ചതിന് ശേഷം അജ്‌റ ബാനുവിെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഭർത്താവ് ഫയാസ് കഡിവാല കെ.എം.സി.സി പ്രവർത്തകരെ അറിയിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിന് താങ്ങായി നിന്നുകൊണ്ട്, രോഗിയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സമയോചിതമായ ഇടപെടലുകൾ നടത്തിയ കെ.എം.സി.സി പ്രവർത്തകരെ ബന്ധുക്കൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

