കേളി കുടുംബവേദി മെഗാ ചിത്രരചന മത്സരത്തിൽ വൻ പങ്കാളിത്തം
text_fieldsകേളി കുടുംബവേദി മെഗാ ചിത്രരചന മത്സരത്തിൽ നിന്ന്
റിയാദ്: കേളി കുടുംബവേദി നേതൃത്വത്തിൽ ലോക വനിതദിനത്തിടനുബന്ധിച്ചു നടത്തിയ മെഗാ ചിത്രരചന മത്സരത്തിൽ 600-ൽ പരം കുട്ടികൾ പങ്കെടുത്തു. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കാളികളായത്. അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ മൂന്ന് വേദികളിലായിരുന്നു മത്സരം.
നാല് മുതൽ ആറ് വരെയും ഏഴ് മുതൽ 10 വരെയും പ്രായമുള്ള കുട്ടികൾക്ക് കളറിങ് മത്സരവും 11 മുതൽ 15 വരെയുള്ള കുട്ടികൾക്ക് ‘പവർ ഓഫ് മദർ’ എന്ന സ്പോട്ട് വിഷയത്തിലുമായിരുന്നു മത്സരം. നാല് മുതൽ ആറ് വരെയുള്ള കളറിങ് വിഭാഗത്തിൽ എൻ. ചിന്മയി ഒന്നാം സ്ഥാനവും സൈനബ് രണ്ടാം സ്ഥാനവും വെണ്മതി വിജയരാമൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഏഴു മുതൽ 10 വരെയുള്ള കളറിങ് വിഭാഗത്തിൽ ഡെമെട്രിയ ചക്രബർത്തി ഒന്നാം സ്ഥാനവും സ്റ്റീവ് സോബിൻ രണ്ടാം സ്ഥാനവും റിഷാൻ രാഗേഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. 150-ൽ പരം കുട്ടികൾ പങ്കെടുത്ത 10 മുതൽ 15 വരെയുള്ള രചനാമത്സര വിഭാഗത്തിൽ വചൻ സുനിൽ ഒന്നാം സ്ഥാനവും ഷെല്ല ഫാത്തിമ രണ്ടാം സ്ഥാനവും മാധവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
പൂർവ മുന്ദ്ര (ഹൈദരബാദ്), മിനുജ മുഹമ്മദ് (മോഡേൺ മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ), നൂരിയ (റെയിൻബോ ഇൻറർനാഷനൽ സ്കൂൾ) എന്നിവർ വിധികർത്താക്കളായി. ബഹുഭൂരിഭാഗം കുട്ടികളും നല്ലരീതിയിൽ തന്നെ തങ്ങളുടെ കഴിവുകൾ വിനിയോഗിച്ചു എന്നും മൂല്യനിർണയം എളുപ്പമായിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സോനാ ജ്വല്ലറിയുടെ മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണ നാണയങ്ങളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി. കുടുംബവേദി നിർവാഹക സമിതി അംഗം വിജില ബിജു കോഓഡിനേറ്ററായും ജോ.സെക്രട്ടറി സിജിൻ കൂവള്ളൂർ ടെക്നിക്കൽ സപ്പോർട്ടറായും പ്രവർത്തിച്ചു. വി.എസ്. സജീന കൺവീനറായും സന്ധ്യാരാജ് ചെയർപേഴ്സനായും ഗീത ജയരാജ് ട്രഷററായും 101 അംഗ സംഘാടക സമിതി പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

