ദവാദ്മിയിൽ ഇതര മതസ്ഥർക്കായി ശ്മശാനം അനുവദിച്ചു
text_fieldsറിയാദ്: സൗദി ഭരണകൂടത്തിെൻറ കാരുണ്യത്താൽ ഇതര മതസ്ഥരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ദവാദ്മിയിൽ സ്ഥലം അനുവദിച്ചു. റിയാദിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് ദവാദ്മി പട്ടണം. ആദ്യമായി മറവു ചെയ്തത് മെയ് 31ന് ദവാദ്മി ജനറൽ ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനിക്കിെൻറ (38) മൃതദേഹമാണ്.
നിരവധി സാമൂഹിക പ്രവർത്തകരുടെ പ്രയത്നത്തിെൻറ ഫലമായാണ് ശ്മശാനത്തിന് സ്ഥലം അനുവദിച്ചു കിട്ടിയത്. ദവാദ്മി നഗരത്തിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ ശാര റോഡിലാണ് സ്ഥലം ലഭ്യമായത്. നിരവധി കാലമായി സാമൂഹിക പ്രവർത്തകരുടെ ആവശ്യമായിരുന്നു ഇത്. മൂന്നു ദിവസം മുമ്പാണ് സർക്കാർ അനുമതി നൽകിയത്. ഞായറാഴ്ച രാവിലെ ആദ്യ മൃതദേഹം സാമൂഹിക പ്രവർത്തകർ ഏറ്റുവാങ്ങി ഇവിടെ മറമാടുകയായിരുന്നു.
ആദ്യ ഖബറിടത്തിലേക്ക് ആദ്യ മൃതദേഹം ഇറക്കുമ്പോൾ രാജ്യം സൈനികർക്ക് നൽകുന്നത് പോലെയുള്ള പ്രേത്യക ഉപചാര തുണികൊണ്ട് മൂടി ആദരവ് നൽകിയിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങിൽ അനാദരവ് കാട്ടുന്ന ഈ സമയത്ത് സൗദിയുടെ ഈ കാരുണ്യം ദവാദ്മിയിലെ സാമൂഹിക പ്രവർത്തകർക്ക് പുത്തനുണർവ് സമ്മാനിച്ചിരിക്കുകയാണ്. അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ ജീവനക്കാരനായിരുന്നു ഡൊമിനിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
