മുന്തിരി മേളയുടെ മധുരം നുണയാം, ഇന്ന് മുതൽ
text_fieldsറിയാദ്: മുന്തിരി പ്രിയർക്ക് രുചി നുണയാൻ ഇനി അഞ്ചുനാളുകളുടെ ഉത്സവം. ത്വാഇഫിന് തെക്ക് മയ്സാൻ മേഖലയിലെ ബനീ സഅദിൽ മൂന്നാമത് മുന്തിരി മേള വ്യാഴാഴ്ച ആരംഭിക്കും. മയ്സാൻ മേഖല ഗവർണർ അബ്ദുല്ല അൽഫായ്ഫി ഉദ്ഘാടനം ചെയ്യും. ഗവർണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മേള ഒരുങ്ങുന്നത്. സൗദിയിലെ ഏറ്റവും വലിയ മുന്തിരിമേള ഇത്തവണ 31 മുന്തിരി കർഷകരുടെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
താഇഫിലെയും മറ്റ് മേഖലകളിലെയും മുന്തിരി തോട്ടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമായി കർഷകർ മേളയിൽ അണിനിരക്കും. വിവിധയിനം മുന്തിരിക്കുലകൾ പ്രദർശനത്തിനും വിൽപനക്കുമെത്തും.
കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള എല്ലായിനം മുന്തിരികളും സന്ദർശകരുടെ വായിൽ വെള്ളമൂറിക്കും വിധം മേളയിൽ നിറയും. മുൻ മേളകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മുന്തിരി കൊണ്ടുണ്ടാക്കാൻ കഴിയുന്ന വിവിധ ഭക്ഷ്യോൽപന്നങ്ങളും മറ്റ് വസ്തുക്കളും മേളയിൽ എത്തുമെന്ന് സംഘാടകസമിതി വൈസ് ചെയർമാൻ താഹിർ അൽസെയ്യാലി പറഞ്ഞു. കർഷകരുടെ വീടുകളിൽ തന്നെ നിർമിക്കുന്നതാണ് ഇൗ ഉൽപന്നങ്ങളും. ബനീ സഅദിലെ വിശാലമായ മൈതാനിയിൽ മേളക്കുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മേള നടത്തിപ്പ് സമിതിയിൽ വനിതകളുമുണ്ടെന്നും സ്ത്രീ സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്തിരി മേളയുടെ നടത്തിപ്പിലൂടെ കാർഷിക രംഗത്തെ അഭിവൃദ്ധിയോടൊപ്പം മേഖലയിൽ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ടെന്ന് സംഘാടക സമിതി അംഗം ഖൈറാൻ തുത്തൈബി പറഞ്ഞു. സൗദി ആഭ്യന്തര വിനോദ സഞ്ചാര രംഗത്ത് മുന്തിരി മേളക്കും മയ്സൻ മേഖലക്കും എന്ത് ചെയ്യാനാവും എന്ന അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് മേളകൾ ആ നിലയിലും വലിയ വിജയമായിരുന്നു. സന്ദർശകരുടെ വൻബാഹുല്യമാണ് മുൻ കാലത്തുണ്ടായത്. ഇത്തവണ കൂടുതൽ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തിെൻറ സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ വികസനത്തിനും അഭിവൃദ്ധിക്കും മേള വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016ലാണ് മയ്സൻ ഗവർണർ മുൻകൈയ്യെടുത്ത് അദ്ദേഹത്തിെൻറ തന്നെ സ്പോൺസർഷിപ്പിൽ മുന്തിരിമേളക്ക് തുടക്കമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
