വല്യുപ്പ കാൽനടയായി ഹജ്ജിനെത്തിയ ഓർമകളിൽ മുഴുകി മുനീറ
text_fieldsമൊറോക്കൻ തീർഥാടക മുനീറ
മക്ക: വല്യുപ്പ പണ്ട് കാൽനടയായി ഹജ്ജിനെത്തിയ ഓർമകളുമായി മൊറോക്കോയിൽനിന്നുള്ള തീർഥാടക മുനീറ പുണ്യഭൂമിയിലെത്തി. ഏഴ് പതിറ്റാണ്ട് മുമ്പ് വിവിധ രാജ്യങ്ങൾ താണ്ടി ഏകദേശം രണ്ട് വർഷം നീണ്ട കാൽനട യാത്രക്കൊടുവിൽ ഹജ്ജിനെത്തിയ വല്യുപ്പയുടെ ഓർമകളാണ് ഹജ്ജിനെത്തിയ ഈ 82കാരിയുടെ മനസ്സിലിപ്പോഴും.
അക്കാലത്തെ ദുഷ്കരമായ സാഹചര്യങ്ങൾക്കും ബുദ്ധിമുട്ടേറിയ അവസ്ഥകൾക്കും ഇടയിലെ വല്യുപ്പയുടെ ഹജ്ജ് യാത്രയെക്കുറിച്ച് കേട്ടറിവ് ഇന്നും മുനീറയുടെ മനസ്സിലുണ്ട്. കുട്ടിക്കാലത്തുതന്നെ ആ യാത്രയുടെ വിശദാംശങ്ങൾ പിതാവ് പറഞ്ഞുതന്നിരുന്നുവെന്ന് അവർ ഓർത്തെടുക്കുന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾ എത്ര കഠിനമാണെന്ന് അന്ന് മനസ്സിലാക്കി. വളരെക്കാലത്തെ കഷ്ടപ്പാടുകൾക്കുശേഷം മാത്രമേ ഹജ്ജ് സാധ്യമാകൂവെന്ന് എപ്പോഴും സങ്കൽപ്പിക്കാൻ അത് പ്രേരിപ്പിച്ചു. വിമാനത്തിൽ കയറി ആറ് മണിക്കൂറിനുള്ളിൽ മക്കയിലെത്താൻ കഴിയുന്നത്ര എളുപ്പമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ വികാരഭരിതയായി പറഞ്ഞു.
കാസാബ്ലാങ്കയിലെ വിമാനത്താവളത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സുഖകരവും വ്യവസ്ഥാപിതവുമായ അന്തരീക്ഷത്തിൽ സൗദിയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞതായും അവർ വിശദീകരിച്ചു. തന്റെ യാത്രയും വല്യുപ്പയുടെ യാത്രയും തമ്മിലുള്ള വ്യത്യാസം വെറും സമയത്തിലൊതുങ്ങുന്നതല്ല. വല്യുപ്പ രണ്ടുവർഷമെടുത്തപ്പോൾ തനിക്ക് ആറ് മണിക്കൂർ മാത്രം മതിയായി. എന്നാൽ അത് മാത്രമല്ലല്ലോ. രണ്ട് വർഷം ദുർഘടമായ വഴികളിലൂടെ പല രാജ്യങ്ങൾ താണ്ടി നടന്നെത്തി ഹജ്ജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇന്നത്തെ ജനങ്ങൾക്ക് മനസ്സിലാക്കാനാവില്ല.
കാരണം ഇന്ന് എല്ലാം എളുപ്പമായി. സാങ്കേതിക വിദ്യയെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ച് സൗദി ഭരണകൂടം തീർഥാടകർക്ക് ദുർഘടതയെയും എല്ലാ ബുദ്ധിമുട്ടുകളെയും ഒഴിവാക്കി കൊടുത്തു. സ്വന്തം നാട്ടിൽവെച്ച് തന്നെ മക്കയിലെത്തുന്നതുവരെയുള്ള മുഴുവൻ നടപടിക്രമങ്ങളും വളരെയെളുപ്പം പൂർത്തിയാക്കാൻ കഴിയുന്നു. തീർഥാടകർക്ക് രാജ്യം നൽകുന്ന സേവനങ്ങളുടെ വലിയ പരിവർത്തനത്തിന്റെ വ്യാപ്തിയാണ് തന്റെയും വല്യുപ്പയുടെയും യാത്രകൾ തമ്മിലുള്ള വ്യത്യാസത്തിൽ പ്രതിഫലിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കാസാബ്ലാങ്കയിലെ എയർപ്പോർട്ടിൽ സൗദി ഹജ്ജ് മന്ത്രാലയം സജ്ജീകരിച്ച ‘മക്ക റൂട്ട് പദ്ധതി’ സംവിധാനത്തിൽനിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണ്. എത്ര പ്രശംസിച്ചാലും മതി വരില്ല. ഹജ്ജ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ ഗുണപരമായ മാറ്റമാണ് ഈ സംരംഭം പ്രതിനിധീകരിക്കുന്നതെന്നും ഇതൊരു വലിയ അനുഗ്രഹമാണെന്നും അവർ പറഞ്ഞു. അറഫയിൽ എന്റെ കൈകൾ ഉയർത്തുമ്പോൾ ഈ പാത എളുപ്പമാക്കിത്തന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർഥിക്കുമെന്നും മുനീറ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

