നവ്യാനുഭൂതി പകർന്ന് യാംബുവിൽ ഗ്രാഫിറ്റി ആർട്സ് ഫെസ്റ്റിവൽ
text_fieldsയാംബു റോയൽ കമീഷൻ അതോറിറ്റി സംഘടിപ്പിച്ച ഗ്രാഫിറ്റി ആർട്സ് ഫെസ്റ്റിവലിൽ നിന്ന്
യാംബു: യംബു വ്യവസായ നഗരിയിൽ റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'ഗ്രാഫിറ്റി ആർട്സ് ഫെസ്റ്റിവൽ' സന്ദർശകർക്ക് നവ്യാനുഭൂതി പകർന്നു. രണ്ടു ദിവസങ്ങളിലായിനടന്ന പരിപാടി പൈതൃക കലയുടെയും സംസ്കാരത്തിന്റെയും സംഗമവേദിയായി മാറി. കലയും സംസ്കാരവും വിനോദവും സമന്വയിപ്പിച്ച് സമൂഹത്തിന്റെ ഊർജ്ജസ്വലത വർധിപ്പിക്കാനുള്ള ശ്രമമായിരുന്നു കലാമേളയിലൂടെ അധികൃതർ ലക്ഷ്യം വെച്ചത്. ഗ്രാഫിറ്റി കല, വിവിധതരം സാംസ്കാരിക പരിപാടികൾ, ക്ലാസിക് കാറുകളുടെ പ്രദർശനം, ബാസ്കറ്റ് ബാൾ, സ്കേറ്റ്ബോർഡിംഗ്, റഗ്ബി, ഡ്രൈസിംഗ് തുടങ്ങിയ നിരവധി കായിക ഇനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയതും പ്രധാന ആകർഷണങ്ങളിൽപെട്ടതായിരുന്നു. അധികൃതരോടൊപ്പം കലാകാരന്മാർ അണിനിരന്ന ചിത്രങ്ങളും, വർണാഭമായ സ്കേറ്റ്ബോർഡ് പാതകളും ഫെസ്റ്റിവലിന്റെ പ്രധാന കാഴ്ചകളായി മാറി. ചുമരുകളിൽ ഗ്രാഫിറ്റി കലയുടെ വിസ്മയം തീർക്കുന്ന കലാകാരന്മാരെയും ഇവിടെ കാണാമായിരുന്നു. കൂറ്റൻ കലാസൃഷ്ടികൾ സ്ഥാപിക്കുന്നതിന്റെ ഘട്ടങ്ങളും ശ്രദ്ധേയമായി. പുഷ്പാലങ്കാരങ്ങളോടുകൂടിയ ഒരു ഫോട്ടോ ബൂത്ത് പരിപാടിയിൽ ഒരുക്കിയിരുന്നു. കാനൺ സെൽഫി പ്രിന്ററുകൾ ഉപയോഗിച്ച് തത്സമയം ഫോട്ടോകൾ എടുക്കാൻ ഇവിടെ ആളുകൾക്ക് അവസരം നൽകിയതും വേറിട്ട അനുഭവമായി.
യാംബു റോയൽ കമ്മീഷന്റെ 'ഇൻഡസ്ട്രി ആൻഡ് ലൈഫ്' പദ്ധതിയുടെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. യാംബു പോലുള്ള വ്യവസായ നഗരങ്ങളിൽ കല, വിനോദം, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രധാനമായും പ്രദേശവാസികളെ ലക്ഷ്യമിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സൗദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിനോദം, വിനോദ യാത്ര, ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഒരു മികച്ച ഉദാഹരണമായി പരിപാടി മാറി. യാംബുവിലെ ഈ ആർട്ട് ഫെസ്റ്റിവൽ കലയുടെയും സംസ്കാരത്തിന്റെയും ഒരു ആഘോഷമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

