ലിംഗ രാഷ്ട്രീയത്തിന് പിന്നിലെ ഒളിയജണ്ടകൾ തിരിച്ചറിയണം -ഗ്രെയ്സ് സംവാദ സദസ്സ്
text_fieldsഗ്രെയ്സ് റിയാദ് ചാപ്റ്റർ നടത്തിയ സംവാദ സദസ്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. സരിൻ സംസാരിക്കുന്നു
റിയാദ്: ലിംഗ രാഷ്ട്രീയത്തിന്റെ മറവിലെ ഒളിയജണ്ടകൾ തിരിച്ചറിയാൻ കഴിയണമെന്ന് ‘ഉടൽ, ഉടുപ്പ്, രാഷ്ട്രീയം’ എന്ന ശീർഷകത്തിൽ ഗ്രെയ്സ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സംവാദ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സത്താർ താമരത്ത് അധ്യക്ഷത വഹിച്ചു. ഉടുപ്പിന്റെ രാഷ്ട്രീയം വലിയ പോരാട്ടത്തിന്റെ ഭാഗമാക്കിയത് മഹാത്മാഗാന്ധിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനറുമായ ഡോ. പി. സരിൻ സംവാദ സദസ്സിൽ അഭിപ്രായപ്പെട്ടു. വസ്ത്രം പോലുമില്ലാത്ത പച്ച മനുഷ്യരോട് അനുഭാവം പുലർത്തി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ ഗാന്ധിജിയുടെ ദർശനങ്ങൾ മാതൃകാപരമായിരുന്നു.
പുതിയ കാലത്ത് ഉടുപ്പിന്റെ രാഷ്ട്രീയം പറയുന്നവർ വെറുപ്പ് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുകയാണ്. ബി.ജെ.പിയും സി.പി.എമ്മും അധികാരം നിലനിർത്തുവാൻ സ്വീകരിക്കുന്ന മാർഗങ്ങൾ ഹീനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ പൊളിച്ചെഴുതാനുള്ള നവലിബറുകളുടെ അജണ്ടകൾ ദുരൂഹമാണെന്ന് പരിപാടിയിൽ സംസാരിച്ച മുൻ ഹരിത ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. ഉടലും ഉടുപ്പും നോക്കി പുരോഗമനം പറയുന്നവരുടെ കാപട്യം തിരിച്ചറിയണം. കുടുംബമെന്ന മൗലിക മാനങ്ങളെ പോലും തകർക്കുന്ന ചിന്തകൾ കടത്തിവിടുന്നവർ കടുത്ത ആരാജക്ത്വമാണ് സൃഷ്ടിക്കുന്നത്.
മതനിരാസത്തെ പ്രോത്സാഹിപ്പിക്കുകയും അധികാരത്തിന്റെ സൗകര്യത്തിൽ രാഷ്ട്രീയം പറയാതിരിക്കുകയും ചെയ്യുന്ന ഇടത് നിലപാടുകൾ അപകടകരമാണെന്നും തഹ്ലിയ കൂട്ടിച്ചേർത്തു. സൗദി കെ.എം.സി.സി ദേശീയ സമിതിയംഗം ശുഹൈബ് പനങ്ങാങ്ങര, എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ്, മലപ്പുറം ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, കോഴിക്കോട് ജില്ല സെക്രട്ടറി ഷമീർ പറമ്പത്ത്, വനിത കെ.എം.സി.സി ജനറൽ സെക്രട്ടറി ജസീല മൂസ, റാഷിദ് ദയ, ശരീഫ് അരീക്കോട്, ഷാഫി ചിറ്റത്തുപാറ, ലത്തീഫ് കരിങ്കപ്പാറ, നവാസ് വേങ്ങര, ഷറഫു പുളിക്കൽ, ബുഷൈർ താഴെക്കോട്, ഷാജഹാൻ വള്ളിക്കുന്ന്, ജലീൽ ആലുവ, ജലീൽ അത്തോളി എന്നിവർ സംസാരിച്ചു. ഗ്രെയ്സ് റിയാദ് ചാപ്റ്റർ സെക്രട്ടറി ഷാഫി തുവ്വൂർ സ്വാഗതവും അഷ്റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

