ഭരണകൂടങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുന്നു -ജിഗീഷ് മോഹൻ
text_fieldsദമ്മാം: സ്വതന്ത്ര മാധ്യമപ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ദ ഹിന്ദു ബിസിനസ് ലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ ജിഗീഷ് മോഹൻ അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം 'വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മാധ്യമ വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമനിർമാണ സഭകളും നീതിന്യായ സംവിധാനങ്ങളും ഭരണനിർവഹണ സംവിധാനങ്ങളും പലവിധത്തിൽ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിെൻറ സമ്മർദം മാധ്യമങ്ങൾക്ക് മേലും ശക്തമായതോടെ മൂല്യങ്ങൾക്കും ശോഷണം സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് അനിൽ ബിശ്വാസ് വെബിനാർ ഉദ്ഘാടനം ചെയ്തു. പല മാധ്യമ സ്ഥാപനങ്ങളേയും ഇന്ന് കോർപറേറ്റുകൾ കൈക്കലാക്കിയിരിക്കുന്നു. കോർപറേറ്റുകളും ഭരണകൂടങ്ങളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകൾ പലപ്പോഴും വാർത്തകളെ അവരുടെ താൽപര്യങ്ങൾക്ക് വിധേയമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതും സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകൾ ശക്തമാകുകയും ചെയ്തതോടെ അനാരോഗ്യകരമായ മാത്സര്യബുദ്ധിയും പ്രകടമായിരിക്കുന്നു. ഉറവിടം പോലും കൃത്യമായി ഉറപ്പുവരുത്താതെ വാർത്ത തങ്ങളുടേതായി ആദ്യം പുറം ലോകത്തെത്തിക്കാനുള്ള മത്സരം പലവിധ അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വരെ കാരണമാകുന്നു.
പരസ്യവരുമാനം മാധ്യമങ്ങളുടെ പ്രധാനപ്പെട്ട ഒരു വരുമാന മാർഗമായതിനാൽ പലപ്പോഴും പരസ്യദായകർ നിശ്ചയിക്കുന്ന രൂപത്തിലും വാർത്തകൾ നൽകാൻ മാധ്യമങ്ങൾ നിർബന്ധിതരാകാറുണ്ട്. മാറിവരുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടമുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന മാധ്യമ പ്രവർത്തകർക്ക് ഭരണകൂടങ്ങളുടെ കടിഞ്ഞാൺ കൂടി വീഴുന്നതോടെ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാകുന്നില്ല എന്നു മാത്രമല്ല നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് വാർത്തകൾ സൃഷ്ടിക്കേണ്ടി വരുന്നു എന്നതും ജനാധിപത്യ ഇന്ത്യയിൽ മാധ്യമ വിചാരണക്ക് ഇടവരുത്തുന്നു എന്ന് വെബിനാർ അഭിപ്രായപ്പെട്ടു. ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷതവഹിച്ചു. അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.എം. റോയിയെ ഫോറം രക്ഷാധികാരി ഹബീബ് ഏലംകുളം അനുസ്മരിച്ചു.
കേരള ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്മിജൻ, സുനിൽ മേനോൻ (ഔട്ട് ലുക്), ജമാലുദ്ദീൻ (കൈരളി ന്യൂസ് മിഡിലീസ്റ്റ്), ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയഫോറം) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് സ്വാഗതവും ട്രഷറർ മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു.
സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, ലുഖുമാൻ വിളത്തൂർ, അഷ്റഫ് ആളത്ത്, റഫീഖ് ചെമ്പോത്തറ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
