സ്വത്വബോധത്തെ നിർവചിക്കുന്ന കവിതകളുമായി ഗോപി മേനോൻ
text_fields'യുഗേൻ-ഡെപ്ത്ത്സ് അൺസ്പോക്കൺ’ പുസ്തകത്തിന്റെ കവർ
അൽ ഖോബാർ: മനുഷ്യന്റെ സ്വത്വബോധത്തെ നിർവചിക്കുന്ന അസംഖ്യം വികാരങ്ങളുടെ സുതാര്യമായ ആവിഷ്കാരമാണ് സൗദിയിൽ പ്രവാസിയായ ഗോപി മേനോന്റെ കവിതകൾ. പ്രണയം, രോഷം, അവഗണന, ഏകാന്തത, ജീവിതവും മരണവും, പ്രകൃതിയുടെ നിഗൂഢത, ജീവിതയാത്ര തുടങ്ങിയ പ്രമേയങ്ങളിൽ ആവിഷ്കരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ‘യുഗേൻ-ഡെപ്ത്ത്സ് അൺസ്പോക്കൺ’ എന്ന ആദ്യ ഇംഗ്ലീഷ് കവിതസമാഹാരത്തിന്റെ സൗദി തല പ്രകാശനം വ്യാഴാഴ്ച ദമ്മാമിൽ നടക്കും.
സാഹിത്യാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളുടെയും വേദനകളുടെയും ഉജ്വലമായ ചിത്രീകരണമായി ഓരോ കവിതയും മാറിയിട്ടുണ്ട്. മേനോന്റെ കാവ്യശൈലി ആർദ്രവും ഗഹനവുമാണെന്ന് വായനക്കാർ അഭിപ്രായപ്പെടുന്നു. സ്നേഹത്തിന്റെയും മനുഷ്യവികാരങ്ങളുടെയും ഹൃദ്യമായ ആഖ്യാനത്തിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു.
ഗോപി മേനോൻ
ഷാർജ പുസ്തകമേളയിൽവെച്ച് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഈ കവിതാസമാഹാരം എഴുത്തുകാരി സോഫിയ ഷാജഹാന് കൈമാറി പ്രകാശനം നിർവഹിച്ചിരുന്നു. ടി.കെ. അബ്ദുൽ ഹമീദ്, മൻസൂർ പള്ളൂർ, മാക്ബത്ത് പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ എം.എ. ഷഹനാസ് തുടങ്ങി നിരവധി പ്രമുഖർ അന്ന് പ്രകാശനചടങ്ങിൽ പങ്കെടുത്തിരുന്നു. കെ.പി. അനിൽകുമാർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ദമ്മാം തറവാട് റസ്റ്റാറന്റിൽ നടക്കുന്ന സൗദി തല പ്രകാശന പരിപാടിയിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഗോപി മേനോൻ കഴിഞ്ഞ 15 വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ഒരു എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്നു. തൃശൂർ ജില്ലയിൽ കുടുംബ വേരുകളുള്ള അദ്ദേഹം മുംബൈയിലാണ് ജനിച്ചതും വളർന്നതും. ഫിസിക്സിലും എൻജിനീയറിങ്ങിലും ബിരുദങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

