ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ടാലന്റ് ലാബ് സീസണ്‍ 3 ശില്‍പ്പശാല ഇന്ന് ജിദ്ദയിൽ
text_fieldsജിദ്ദ: ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജി.ജി.ഐ) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇഫത്ത് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടാലന്റ് ലാബ് സീസണ്‍ 3 ഏകദിന ശില്‍പശാല ഇന്ന് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷൻ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത 250 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ സര്‍ഗ്ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകളും ജീവിതനൈപുണ്യവും പരിപോഷിപ്പിക്കുന്നതിനുള്ള അഞ്ച് സെഷനുകള്‍ ഉണ്ടായിരിക്കുമെന്ന് ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം എന്നിവര്‍ അറിയിച്ചു.
'മനുഷ്യരും യന്ത്രങ്ങളും: സാങ്കേതികവിദ്യാ നിയന്ത്രിതയുഗത്തില്‍ വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത' എന്ന വിഷയത്തെ ആസ്ദപദമാക്കിയ മുഴുദിന ശില്‍പശാലയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യാതിഥിയും ജിദ്ദ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്‌റഫ് അമീറും ഇഫത്ത് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. റീം അല്‍മദനിയും വിശിഷ്ടാതിഥികളുമായിരിക്കും.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്‌മദ്, ഇഫത്ത് യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഡീന്‍ ഡോ. സെയ്ന്‍ ബാല്‍ഫഖീഹ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഉമര്‍ അല്‍സൂബി, അസി. പ്രൊഫസര്‍മാരായ ഡോ. ഫിദാ ആബിദ്, ഡോ. നിഅ്മ സാലിം എന്നിവര്‍ നിര്‍മിതബുദ്ധി കേന്ദ്രീകൃത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമയി സംവദിക്കും. പ്രശസ്ത ടോസ്റ്റ്മാസ്‌റ്റേഴ്‌സ് പ്രചോദിത പ്രഭാഷകരായ ഡോ. മര്‍വാന്‍ ദഷാഷും അസ്‌കര്‍ അലി ഖാനും ക്ലാസെടുക്കും.
സമാപന സെഷനില്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യപ്രഭാഷണം നടത്തും. ഡോ. അഷ്‌റഫ് അമീര്‍, ഡോ. റീം മദനി, ഇന്റര്‍നാഷനൽ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, ജി.ജി.ഐ രക്ഷാധികാരികളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

