ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ ജനുവരി 16ന്
text_fieldsജിദ്ദ: ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ് രണ്ട്’ 2026 ജനുവരി 16 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ അല്‍ രിഹാബിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂൾ അങ്കണത്തിലാണ് സാംസ്കാരിക പരിപാടികളും എക്സിബിഷനും നടക്കുക. സൗദി അറേബ്യയിലേക്കുള്ള അര നൂറ്റാണ്ടത്തെ ഇന്ത്യന്‍ കുടിയേറ്റത്തിന്റെ നാൾ വഴികളും നാഴികക്കക്കല്ലുകളുമായിരിക്കും പ്രദര്‍ശനത്തിലൂടെ അടയാളപ്പെടുത്തുക. അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ്, ഇന്ത്യ സൗഹൃദപ്പെരുമയിലേക്ക് പ്രദർശനം വെളിച്ചം വീശുകയും ചെയ്യും. ഫെസ്റ്റിവലിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗം കഴിഞ്ഞ ദിവസം നടന്നു. പ്രസിഡന്റ് ഹസന് ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു.
പ്രശസ്ത സൗദി കലാകാരന്മാരോടൊപ്പം ഇന്ത്യന്‍ കൗമാര കലാപ്രതിഭകളും അണിനിരക്കുന്ന സാംസ്കാരികോത്സവത്തില്‍, അറബ്, ഇന്ത്യന്‍ പരമ്പരാഗത നാടോടി കലാപരിപാടികള്‍ അരങ്ങേറും. നൂറ്റാണ്ടുകളായുള്ള ഇന്ത്യ-അറബ് സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന ഫെസ്റ്റിവല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് കരുത്തുപകരുന്നതായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി പറഞ്ഞു. 2024 ജനുവരി 19 ന് നടന്ന ജി.ജി.ഐ പ്രഥമ സൗദി-ഇന്ത്യ സാംസ്കാരികോത്സവത്തില്‍ നൂറുകണക്കിന് സൗദികളക്കം അയ്യായിരത്തോളം പേര് പങ്കെടുത്തിരുന്നു. സീസണ് രണ്ടില്‍ എക്സിബിഷനിലും കലാസന്ധ്യയിലുമായി 10,000 ത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡ, ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സാംശീകരിക്കുന്നതും പ്രവാസചരിതത്തിന്റെ ഉജ്ജ്വല ഏടുകള്‍ അനാവൃതമാവുന്നതുമായിരിക്കും ആഘോഷ പരിപാടികളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സബ് കമ്മിറ്റി ഭാരവാഹികള്‍: കള്‍ച്ചറല്‍ വിങ്: റഹ്മത്ത് ആലുങ്ങല്‍ (കോഓഡിനേറ്റര്‍), ചെറിയ മുഹമ്മദ് ആലുങ്ങല്‍ (അസി. കോഓര്‍ഡിനേറ്റര്‍). ഗഫൂര്‍ കൊണ്ടോട്ടി, ഫാത്തിമ തസ്നി, ആയിശ റുഖ്സാന, പി.എം ഷംന, ശിഫാസ് (അംഗങ്ങള്‍). എക്സിബിഷന്: അരുവി മോങ്ങം (കോഓര്‍ഡിനേറ്റര്‍), സാദിഖലി തുവ്വൂര്‍ (അസി. കോഓഡിനേറ്റര്‍), കബീര്‍ കൊണ്ടോട്ടി, അല്‍മുര്‍ത്തു, നൗഷാദ് താഴത്തെവീട്ടില്‍, ഇബ്രാഹിം ശംനാട്, ഫൈറൂസ് കൊണ്ടോട്ടി, നാസിറ സുല്‍ഫിക്കര്‍, ജെസി ടീച്ചര്‍, അനീസ ബൈജു, ശിബ്ന ബക്കര്‍, മാജിദ കുഞ്ഞി (അംഗങ്ങള്‍). ഫൈനാന്‍സ്: അബു കട്ടുപ്പാറ (കോഓഡിനേറ്റര്‍), സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍ (അസി. കോഓഡിനേറ്റര്‍), എ.എം അബ്ദുല്ലക്കുട്ടി, അഷ്റഫ് പട്ടത്തില്‍, സുബൈര്‍ വാഴക്കാട്, ആമിന ബീവി, നാസിറ സുല്‍ഫിക്കര്‍ (അംഗങ്ങള്‍). ലോജിസ്റ്റിക്സ്: കബീര്‍ കൊണ്ടോട്ടി (കോഓര്‍ഡിനേറ്റര്‍), ഹുസൈന് കരിങ്കറ (അസി. കോഓഡിനേറ്റര്‍), അരുവി മോങ്ങം, നജീബ് പാലക്കോത്ത്, മന്‍സൂര്‍ വണ്ടൂര്‍, മുബഷിര്‍, ഷബ്ന കബീര്‍, റിസാന നജീബ് (അംഗങ്ങള്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

