ജനനിബിഡ പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായത്തിന് ഇനി 'ഗോൾഫ് കാർട്ട് ആംബുലൻസ്'
text_fieldsതബൂക്ക്: ആളുകൾ കൂടുതലായി തടിച്ചുകൂടുന്ന ഇടുങ്ങിയതും അടഞ്ഞു കിടക്കുന്നതുമായ പ്രദേശങ്ങളിൽ വേഗത്തിൽ അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി തബൂക്ക് റെഡ് ക്രസൻറ് അതോറിറ്റി ‘ഗോൾഫ് കാർട്ട് ആംബുലൻസ്’ സേവനം ആരംഭിച്ചു. ഫീൽഡ് ആംബുലൻസ് സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് എയർകണ്ടീഷൻ ചെയ്ത ഈ പുതിയ വാഹനം സജ്ജമാക്കിയിരിക്കുന്നത്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തബൂക്ക് റെഡ് ക്രസൻറ് അതോറിറ്റി കമ്യൂണിറ്റി ട്രെയിനിങ് ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ തലാൽ ഹുക്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ ആംബുലൻസുകൾക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് മെഡിക്കൽ ടീമിന് അതിവേഗം എത്താനും രോഗികൾക്ക് ആവശ്യമായ പരിചരണം നൽകാനും ഇതുവഴി സാധിക്കും.
തിരക്കേറിയ ഇടങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ചെറിയ രൂപകൽപ്പനയാണ് ഈ വാഹനത്തിെൻറ പ്രധാന സവിശേഷത. ഒരു സമയത്ത് ഒരു രോഗിയെ മാത്രമായിരിക്കും ഇതിൽ കൊണ്ടുപോകാൻ സാധിക്കുക. പ്രധാന ആംബുലൻസ് എത്തുന്നതുവരെയുള്ള സമയത്തിനുള്ളിൽ ആവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്ന ഫസ്റ്റ് എയ്ഡ് കിറ്റ്, ഓക്സിജൻ സിലിണ്ടർ, മറ്റ് അടിയന്തര ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
പൂർണമായും അടച്ചുറപ്പുള്ള എയർകണ്ടീഷൻ ചെയ്ത വാഹനമായതിനാൽ രോഗിയുടെ സ്വകാര്യതയും രഹസ്യസ്വഭാവവും കൃത്യമായി സംരക്ഷിക്കപ്പെടുന്നു. പ്രാഥമിക ശുശ്രൂഷ വേണ്ട ചെറിയ ആരോഗ്യപ്രശ്നങ്ങൾ മുതൽ ഹൃദയസ്തംഭനം, ശ്വാസതടസ്സം തുടങ്ങിയ ഗുരുതരമായ അടിയന്തര ഘട്ടങ്ങളിൽ വരെ കാര്യക്ഷമമായി ഇടപെടാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇടുങ്ങിയതും ജനനിബിഡവുമായ പ്രദേശങ്ങളിൽ വാഹനം സുരക്ഷിതമായി ഓടിക്കുന്നതിനും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനുമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും തലാൽ ഹുക്മി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

