‘ഗോൾഡൻ ലോട്ടസ്’ സാഹിത്യ പുരസ്കാരം ടോണി എം. ആന്റണിക്ക്
text_fieldsടോണി എം.
ആന്റണി
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായ എഴുത്തുകാരൻ ടോണി എം. ആന്റണിയുടെ ‘നോസ്റ്റിൻ ഹോക്ക്’ എന്ന കൃതിക്ക് മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്റർ എന്ന സംഘടന ഏർപ്പെടുത്തിയ ‘ഗോൾഡൻ ലോട്ടസ്’ സാഹിത്യ പുരസ്കാരം. ബാല വിജ്ഞാനസാഹിത്യ വിഭാഗത്തിലാണ് ടോണി ഈ നേട്ടം കരസ്ഥമാക്കിയത്. ഈ മാസം തൃശൂർ ജവഹർ ബാലഭവനിൽ നടന്ന മലയാള സാഹിത്യ ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പുരസ്കാരം കൈമാറി.
പ്രവാസ ജോലിത്തിരക്കുകൾക്കിടയിലും ധാരാളം കഥകളും കവിതകളും ടോണി രചിച്ചിട്ടുണ്ട്. ചാലക്കുടി കാർമൽ സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ ടോണി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും പിന്നീട് മാനവവിഭവശേഷി മാനേജ്മെന്റിൽ എം.ബി.എയും സ്വന്തമാക്കി.
‘എന്റെ കള്ളോർമകൾ’ എന്ന ആദ്യ ചെറുകഥാസമാഹാരം 2018ൽ പ്രസിദ്ധീകരിച്ചു. ‘പിന്നല്ല ഇപ്പൊ ശരിയാക്കി തരാം’ (അനുഭവ കഥകൾ), ചിലന്തി, അവരെന്തു കരുതും (കവിത സമാഹാരങ്ങൾ), ‘തൊമ്മൻകുട്ടി എന്ന പശുമ്പാ’ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.
2022-ലെ മുണ്ടൂർ കൃഷ്ണൻകുട്ടി കഥാപുരസ്കാരം, 2023-ലെ നന്തനാർ സ്മാരക ഗ്രാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്കാരം, 2023ലെ സപര്യ രാമായണ കവിത പുരസ്കാരം (പ്രത്യേക ജൂറി പരാമർശം), 2023ലെ ഭാഷശ്രീ ആദരം, ഡോ. ബി.ആർ. അംബേദ്കർ ശ്രേഷ്ഠ പ്രഭ ദേശീയ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ചാലക്കുടിയിലെ മണ്ടി കുടുംബത്തിലെ ആൻറണിയുടെയും ഓമനയുടെയും മകനാണ് ടോണി.
സൗദി കിഴക്കൻപ്രവിശ്യയിലെ മന അൽഹമ്മാം കമ്പനിയിൽ ഓപറേഷൻസ് മാനേജരാണ്. നവോദയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായ ടോണി കുടുംബവേദിയുടെ കേന്ദ്രകമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ കൺവീനറുമാണ്. ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളായ ഫെലിക്സും സ്റ്റീവുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

