ആഗോള പുനരുപയോഗ ദിനം ഇന്ന്; സൗദിയിൽ വിവിധ പരിപാടികൾ
text_fieldsആഗോള പുനരുപയോഗ ദിനാചരണത്തിന്റെ ഭാഗമായി യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് പാർക്കിൽ പാഴ്വസ്തുക്കൾകൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം
യാംബു: ആഗോള പുനരുപയോഗ ദിനമായ (ഗ്ലോബൽ റീസൈക്ലിങ് ഡേ) മാർച്ച് 18ന് സൗദി അറേബ്യയിൽ വിവിധ പരിപാടികൾ. യാംബു റോയൽ കമീഷൻ അതോറിറ്റി ഒരാഴ്ച നീളുന്ന പരിസ്ഥിതി പരിപാടികളാണ് ഇതോടനുബന്ധമായി സംഘടിപ്പിച്ചിരിക്കുന്നത്. യാംബു നൗറസ് ദ്വീപിന്റെ പ്രവേശന കവാടത്തിനടുത്തുള്ള പാർക്കിൽ ഒരുക്കിയ വേദിയിൽ ബുധനാഴ്ച വൈകീട്ട് യാംബു റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽ ഖുർഷി പരിസ്ഥിതി വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികളും റോയൽ കമീഷനിലെ പ്രമുഖ കമ്പനികളുടെ മാനേജർമാരും വിവിധ സ്ഥാപനങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ പുനരുപയോഗക്ഷമമാക്കാനും റോയൽ കമീഷൻ വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണ്. പാഴ്വസ്തുക്കളിൽനിന്ന് കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കാനുള്ള പ്രചാരണ പരിപാടികളും നടപ്പാക്കുന്നതിലുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി യാംബു റോയൽ കമീഷൻ നടത്തുന്ന ബോധവത്കരണവും പരിസ്ഥിതി വാരാഘോഷവും ഈ മാസം 22 വരെ നീളും.
പ്രദർശന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. റീസൈക്ലിങ് മേഖലയിൽ പുതിയ ആശയങ്ങളും മൂർത്തരൂപങ്ങളും പ്രദർശിപ്പിക്കാൻ യാംബുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അവസരം നൽകിയിട്ടുണ്ട്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല നിർമാണ മത്സരത്തിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകും.
ഒഴിവാക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് പാർക്കുകളിലും വഴിയോരങ്ങളിലും ശില്പങ്ങളും മറ്റു കരകൗശല വസ്തുക്കളും നിർമിച്ച് സ്ഥാപിക്കാനും യാംബു റോയൽ കമീഷൻ അതോറിറ്റിക്ക് പദ്ധതിയുണ്ട്. 2016 മുതലാണ് വ്യവസായ നഗരമായ യാംബുവിൽ റീസൈക്കിൾ പദ്ധതികൾ സജീവമാക്കിയതെന്നും ഓരോ വർഷവും നൂതനവും ശാസ്ത്രീയവുമായ പദ്ധതികൾ ഈ മേഖലയിൽ നടപ്പാക്കിവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.