ആഗോള ഭക്ഷ്യ സുരക്ഷ: കെ.എസ് റിലീഫിന്റെ കീഴിൽ 1,055 പദ്ധതികൾ നടപ്പിലാക്കി
text_fieldsകെ.എസ്.റിലീഫിന്റെ കീഴിൽ സൗദി വിവിധ രാജ്യങ്ങളിലേക്ക് വിതരണം ചെയ്ത ഭക്ഷ്യകിറ്റുകൾ
യാംബു: സൗദിയുടെ ആഗോള സഹായ ഏജൻസിയായ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) ആഭിമുഖ്യത്തിൽ ആഗോള സുരക്ഷക്ക് പിന്തുണയുമായി 1,055 പദ്ധതികൾ നടപ്പിലാക്കിയതായി റിപ്പോർട്ട്.
ഓരോ വർഷവും ആഗോളതലത്തിൽ ആചരിക്കുന്ന ഒക്ടോബർ 16 ലെ ലോക ഭക്ഷ്യദിനത്തിൽ സൗദി കെ.എസ്.റിലീഫ് വഴി ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനും ക്ഷാമം നേരിടുന്നതിനുമുള്ള പ്രതിബദ്ധത പുതുക്കി. 2015 ൽ കെ.എസ്.റിലീഫ് സ്ഥാപിതമായത് മുതൽ നിർധനരായ ആളുകളുടെ ഭക്ഷ്യ കാർഷിക സുരക്ഷാ മേഖലകളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സുസ്ഥിരമായ ഭക്ഷ്യ സംവിധാനം സ്ഥാപിക്കുന്നതിനും ആവശ്യമുള്ള സമൂഹങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.
കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിരോധ ശേഷിയെ പിന്തുണക്കുന്നതിനായി ഈ വർഷം യമനിൽ ഒരു പദ്ധതി തന്നെ കെ.എസ്.റിലീഫ് നടപ്പിലാക്കി. വിത്തുകൾ, ഉപകരണങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, വെറ്ററിനറി കിറ്റുകൾ തുടങ്ങിയവ പദ്ധതി വഴി നൽകി. പാകിസ്ഥാനിൽ അവശ്യസാധനങ്ങൾ അടങ്ങിയ 30,000 ത്തിലധികം ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതിനായി ഒരു പദ്ധതിയും നടപ്പിലാക്കി. ഇത് 210,000 ത്തിലധികം ആളുകൾക്ക് പ്രയോജനപ്പെട്ടു.
കഴിഞ്ഞ റമദാൻ മാസത്തിൽ 6.7 കോടി റിയാലിന്റെ കാരുണ്യ പദ്ധതിയാണ് നടപ്പിലാക്കിയത്. 27 രാജ്യങ്ങളിൽ 3.9 ലക്ഷം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതും വലിയ നേട്ടമായി വിലയിരുത്തുന്നു. പതിനായിരക്കണക്കിന് ആളുകൾക്കാണ് ഇത് ഉപകാരപ്പെട്ടത്. ഗ്രാമീണ ഉൽപാദകരെ ശാക്തീകരിക്കുന്നതിനായി പുതിയ സംരംഭമായ 'ബദ്ര' ഇനീഷ്യേറ്റീവ് ഈയിടെ തുടക്കം കുറിച്ചത് സൗദി അറേബ്യയെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാക്കി. 109 രാജ്യങ്ങളിലായി ചെറുതും വലുതുമായ 8 ബില്യൺ ഡോളറിലധികം ചെലവിൽ 3,768 പദ്ധതികൾ നടപ്പിലാക്കിയതായി കെ.എസ്.റിലീഫ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

