ആഗോള അറബി ഭാഷ സമ്മേളനം ജിദ്ദയിൽ; ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും
text_fieldsഡോ. ഹുസൈൻ മടവൂർ
ജിദ്ദ: ആധുനിക അറബി ഭാഷ പഠന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് മാർഗരേഖ സമർപ്പിക്കാനായി ജനുവരി ആദ്യവാരത്തിൽ ജിദ്ദയിൽ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി അറബി ഭാഷ പണ്ഡിതൻ ഡോ. ഹുസൈൻ മടവൂരിന് ക്ഷണം ലഭിച്ചു.
ജനുവരി മൂന്ന് മുതൽ ജിദ്ദ റഡിസൺ ബ്ലൂ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷ പണ്ഡിതർ പങ്കെടുക്കും. സൗദി ജനറൽ കോൺഫറൻസ് അതോറിറ്റിയും ഭാഷ വികസന സമിതിയുമാണ് സംഘാടകർ.
ആധുനിക അറബിഭാഷ പഠനവും അധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം ശീർഷകങ്ങളാണ് ചർച്ചക്ക് വിധേയമാക്കുക. അറബ് സർവകലാശാലകൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ബോസ്നിയ, മലേഷ്യേ തുടങ്ങി നിരവധി രാജ്യങ്ങളിലെ അറബി ഭാഷ വിദഗ്ധർ വിഷയങ്ങൾ അവതരിപ്പിക്കും. യൂനിവേഴ്സിറ്റി പ്രഫസർമാർ, കോളജ് അധ്യാപകർ, ഭാഷാധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദഗ്ധർ, ഗവേഷണ വിദ്യാർഥികൾ, അക്കാദമിക് രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അറബി ഭാഷാധ്യാപനത്തിന്നും പഠനത്തിന്നും ഡിജിറ്റൽ സംവിധാനം, നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും സമ്മേളനത്തിൽ ചർച്ചക്ക് വിധേയമാക്കും.
‘അനറബി രാജ്യങ്ങളിലെ അറബി ഭാഷ അധ്യാപനം’ സെഷനിൽ ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. ഇന്ത്യയിൽ അറബി ഭാഷ പ്രചാരണത്തിന് അദ്ദേഹം നൽകിവരുന്ന മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അധ്യക്ഷ പദവി നൽകിയിരിക്കുന്നത്.
മലബാർ എഡ്യു സിറ്റി, കൊല്ലം ശ്രീ നാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് കമ്മിറ്റി, ഡൽഹിയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ഫൗണ്ടേഷൻ (എച്ച്. ആർ.ഡി.എഫ്) എന്നിവയുടെ ചെയർമാനാണ് നിലവിൽ ഡോ. ഹുസൈൻ മടവൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

