Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടൽവെള്ളം തണുപ്പിക്കാൻ ജിസാനിൽ ഭീമൻ ‘സീ വാട്ടർ കൂളിങ്’ പദ്ധതി: ഒന്നാം ഘട്ടം 98 ശതമാനം പൂർത്തിയായി

text_fields
bookmark_border
വ്യാവസായിക മുന്നേറ്റത്തിന് വഴിതുറക്കും
കടൽവെള്ളം തണുപ്പിക്കാൻ ജിസാനിൽ ഭീമൻ ‘സീ വാട്ടർ കൂളിങ്’ പദ്ധതി: ഒന്നാം ഘട്ടം 98 ശതമാനം പൂർത്തിയായി
cancel

ജിസാൻ: സൗദി അറേബ്യയിലെ ‘ജിസാൻ സിറ്റി ഫോർ പ്രൈമറി ആൻഡ് ഡൗൺസ്ട്രീം ഇൻഡസ്ട്രീസ്’ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വൻകിട കടൽവെള്ള തണുപ്പിക്കൽ പദ്ധതിയുടെ ഒന്നാം ഘട്ടം 98.33 ശതമാനം പൂർത്തിയായി. മേഖലയുടെ വ്യാവസായിക ആകർഷണീയത ഇരട്ടിയാക്കുന്നതിനും ഗുണനിലവാരമുള്ള വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഉടൻ തന്നെ പൂർണ്ണമായി പ്രവർത്തനസജ്ജമാകും.

അംഗീകൃത സമയക്രമം അനുസരിച്ച് പദ്ധതി പ്രവർത്തനത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനകൾ ഇപ്പോൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽ അറബിയ നെറ്റ്’ റിപ്പോർട്ട് ചെയ്തു. ജിസാൻ നഗരത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നാണിത്. നിലവിലെ ഒന്നാം ഘട്ടത്തിൽ മണിക്കൂറിൽ 96,000 ക്യുബിക് മീറ്റർ കടൽവെള്ളം ശുദ്ധീകരിച്ച് തണുപ്പിക്കാനുള്ള ശേഷിയാണുള്ളത്. പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഈ ശേഷി മണിക്കൂറിൽ 1,60,000 ക്യുബിക് മീറ്ററായി ഉയരും.

നിലവിലുള്ള ഫാക്ടറികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭാവിയിൽ വരാനിരിക്കുന്ന വ്യാവസായിക പദ്ധതികളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നേരിടുന്നതിനും ഇത് സഹായിക്കും. പെട്രോകെമിക്കൽസ് ഉൾപ്പെടെയുള്ള ഉൽപ്പാദന വ്യവസായ മേഖലകളിൽ ശതകോടി റിയാലിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ വ്യാവസായിക ഭൂമിയെ ഈ പദ്ധതി സജ്ജമാക്കും.

വ്യാവസായിക തണുപ്പിക്കൽ ആവശ്യങ്ങൾക്കായി ഓരോ ഫാക്ടറിയും വെവ്വേറെ പമ്പിങ് സ്റ്റേഷനുകളും കൂളിങ് നെറ്റ്‌വർക്കുകളും നിർമ്മിക്കുന്നതിന് പകരം, കേന്ദ്രീകൃതമായ ഒരു സംവിധാനമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ നാല് ഭീമൻ ടർബൈൻ പമ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോന്നിനും ഏകദേശം 3.25 കിലോമീറ്റർ നീളമുള്ള കടൽത്തീര ലൈനുകളും 3.5 മീറ്റർ വരെ വ്യാസമുള്ള പൈപ്പുകളുമുണ്ട്.

വ്യാവസായിക കൂളിങ് പദ്ധതികളിൽ ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈപ്പുകളിൽ ചിലതാണ് ഇവ. കൂടാതെ, ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പത്ത് കിലോമീറ്ററോളം നീളമുള്ള വിതരണ പൈപ്പ് ലൈനും ഇതിന്റെ ഭാഗമാണ്. സ്വന്തമായി പ്രത്യേക തണുപ്പിക്കൽ സംവിധാനങ്ങൾ സ്ഥാപിക്കേണ്ട ആവശ്യകത ഒഴിവാകുന്നതോടെ, നിക്ഷേപകർക്ക് നിർമ്മാണ-പ്രവർത്തന-പരിപാലന ചെലവുകൾ വലിയ തോതിൽ വെട്ടിക്കുറയ്ക്കാനാകും.

പ്രോജക്റ്റുകൾ സജ്ജമാക്കാനുള്ള സമയം കുറയ്ക്കാനും ഉൽപ്പാദനം വേഗത്തിൽ ആരംഭിക്കാനും ഇത് വ്യാവസായിക സ്ഥാപനങ്ങളെ സഹായിക്കും. കൂടാതെ ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലൂടെ നിക്ഷേപകർക്ക് വൻ സാമ്പത്തിക ലാഭം ലഭിക്കുകയും വ്യാവസായിക ഉൽപന്നങ്ങളുടെ അന്താരാഷ്​ട്ര മത്സരശേഷിയും പ്രവർത്തനങ്ങളുടെ സുസ്ഥിരതയും വർധിക്കുകയും ചെയ്യും. ആഗോള വ്യാവസായിക നഗരങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കാനും സൗദിയുടെ വ്യാവസായിക വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഭാവിയിലെ വളർച്ചയ്ക്ക് കരുത്തേകാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Giant 'sea water cooling' project in Jizan to cool seawater: Phase one 98 percent complete
Next Story