കോവിഡ് ആഘാതം; കുടുംബിനികള്‍ക്കായി ജി.ജി.ഐ വനിത കൗണ്‍സലിംഗ് സെല്‍ ആരംഭിച്ചു
text_fieldsജിദ്ദ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) വനിതാ വിങിന്റെയും ഫാമിലി കൗണ്‍സലിങ് സെല്ലിന്റെയും ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സല്‍ ഹംന മറിയം നിര്‍വഹിക്കുന്നു.
ജിദ്ദ: കോവിഡ് മഹാമാരിയുടെ ആഘാതമെന്നോണം മാനസികസംഘര്‍ഷം നേരിടുന്ന സൗദിയിലെ വനിതകൾക്ക് സാന്ത്വനം പകരുന്നതിനും കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും ജിദ്ദയിലെ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) വനിതാ വിങ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഫാമിലി കൗണ്‍സലിംഗ് സെല്‍ രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചു. വനിതാ വിങിന്റെയും കൗണ്‍സലിംഗ് സെല്ലിന്റെയും ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സല്‍ ഹംന മറിയം നിര്‍വഹിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെയും ജിദ്ദ നാഷനല്‍ ആശുപത്രിയുടെയും സഹകരണത്തോടെയായിരിക്കും സെല്‍ പ്രവര്‍ത്തിക്കുകയെന്ന് വനിതാ വിങ് കണ്‍വീനര്‍ റഹ്‌മത്ത് ആലുങ്ങല്‍ അറിയിച്ചു.
സെല്ലിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദും ജിദ്ദ നാഷനല്‍ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഷ്‌ഖാത്ത് മുഹമ്മദലിയും പറഞ്ഞു. കുടുംബിനികള്‍ക്ക് സമാശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഡോ. ഇന്ദു ചന്ദ്രശേഖരനും ഡോ. വിനീതാ പിള്ളയും സെല്ലുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
ജി.ജി.ഐ വനിതാ വിങ് ജോയന്റ് കണ്‍വീനര്‍മാരായി ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികമാരായ റഹ്‌മത്ത് ബീഗം (ഫാമിലി കൗണ്‍സലിംഗ്), ഹബീറ മന്‍സൂര്‍ (സ്ത്രീ ശാക്തീകരണം), നാസിറ സുല്‍ഫിക്കര്‍ (എന്റര്‍ടെയിന്‍മെന്റ്), ശബ്‌ന കബീര്‍ (ടീന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു. കൗണ്‍സലിംഗ് സംബന്ധമായ വിശദവിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ള വനിതകൾക്ക് റഹ്‌മത്ത് ആലുങ്ങല്‍ (053 234 6300), റഹ്‌മത്ത് ബീഗം (055 815 2672) എന്നിവരെ വൈകിട്ട് നാല് മണിക്കും ആറു മണിക്കുമിടയിൽ ബന്ധപ്പെടാവുന്നതാണെന്നും വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്നും ലേഡീസ് വിങ് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

