ഹജ്ജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
text_fieldsഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് ഉപഹാരം സമ്മാനിക്കുന്നു
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഔദ്യോഗിക കാലാവധി കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) യാത്രയയപ്പ് നല്‍കി.
ജി.ജി.ഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം, എജ്യുടെയ്ന്‍മെന്റ് കണ്‍വീനര്‍ നൗഷാദ് താഴത്തെവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ഇരു ഹറമുകളുടെ കവാട നഗരിയില്‍ മൂന്നു വര്‍ഷവും മൂന്ന് മാസവും ചെലവിട്ടതിനിടയില്‍ സൗദി പടിഞ്ഞാറന്‍ മേഖലയിലെ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കും ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ക്കും മെച്ചപ്പെട്ട സേവനമേകാന്‍ സാധിച്ചതില്‍ ഏറെ കൃതാര്‍ഥതയോടെയാണ് സൗദി അറേബ്യയിലെ ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുന്നതെന്ന് അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ച കാലത്തു കൂടിയായിരുന്നു ഹജ്ജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 നവംബറില്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ജി.ജി.ഐ നടത്തിയ 'ടാലന്റ് ലാബ് സീസണ്‍ 2' ഏകദിന ശില്‍പശാലയിലെ പ്രചോദിത പ്രഭാഷകരിലൊരാളായിരുന്ന അബ്ദുല്‍ ജലീല്‍ 2024 ജനുവരിയില്‍ ജി.ജി.ഐ തന്നെ നടത്തിയ 'സൗദി ഇന്ത്യാ ഫെസ്റ്റിവല്‍ സീസണ്‍ ഒന്നി'ല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോര്‍ഡിനേറ്ററായിരുന്നു. ജി.ജി.ഐക്ക് നല്‍കിപ്പോന്ന നിസ്സീമമായ സഹകരണത്തിന് ഭാരവാഹികള്‍ അദ്ദേഹത്തോട് കൃതജ്ഞത അറിയിച്ചു.
കൊമേഴ്‌സ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍, പ്രസ്, ഇന്‍ഫര്‍മേഷന്‍ ആൻഡ് കള്‍ച്ചര്‍ എന്നീ വിഭാഗങ്ങളില്‍ കോണ്‍സലായി സേവനമനുഷ്ഠിച്ച ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ ഹജ്ജ് കോണ്‍സലായത്. ന്യൂദല്‍ഹി സൗത്ത് ബ്ലോക്കിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്താണ് അദ്ദേഹം പുതുതായി ചുമതലയേല്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

