മുസ്‌ലിം സംഘടനകള്‍ പൊതു വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം -സുന്നി യുവനേതാക്കൾ
text_fieldsജിദ്ദ: മുസ്‌ലിം സംഘടനകള്‍ പൊതു വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് സുന്നി യുവനേതാക്കളായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മര്‍ക്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ.എച്ച് അസ്ഹരിയും ആഹ്വാനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ചുനിന്ന് സമുദായത്തെ നയിക്കുന്നതിെൻറ ഉദാഹരണമാണ് പൗരത്വ വിഷയത്തിലെ കൂട്ടായ നീക്കങ്ങളെന്ന് ഇരുവരും സൂചിപ്പിച്ചു. ജിദ്ദ ആസ്ഥാനമായ ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച ഓൺലൈൻ റമദാൻ ടോക്ക് സീരീസ് സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
'ബഹുസ്വരതയില്‍ വിരിയേണ്ട സാംസ്‌കാരിക വസന്തം' എന്ന വിഷയത്തില്‍ എം.എ.എച്ച് അസ്ഹരി റമദാന്‍ പ്രഭാഷണവും 'വഴിവിളക്കാവേണ്ടത് വ്രതചൈതന്യം' എന്ന വിഷയത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപസംഹാര പ്രസംഗവും നടത്തി. സമുദായത്തിലെ ഭിന്നത മാറണമെന്നും ഞങ്ങള്‍ എന്നതിനുപകരം നമ്മള്‍ എന്ന ചിന്താഗതിയുണ്ടാവണമെന്നും തങ്ങള്‍ നിര്‍ദേശിച്ചു. പൗരത്വപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ എല്ലാ വിഭാഗം നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. സംയുക്ത പ്രസ്താവനകളിറക്കുകയും സംയുക്ത നിയമപോരാട്ടം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിഷയങ്ങളില്‍ ഇടക്കിടെ ആശയവിനിമയം നടത്താറുണ്ടെന്ന് അസ്ഹരിയും വ്യക്തമാക്കി.
കോവിഡ് മഹാമാരിയെതുടര്‍ന്ന് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പരിചയസമ്പത്ത് കേരളത്തിന് വലിയ മുതല്‍ക്കൂട്ടാവുമെന്ന് തങ്ങള്‍ പറഞ്ഞു. കഠിനാധ്വാനത്തിലൂടെ മണല്‍ക്കാടിനെ പൂങ്കാവനമാക്കി മാറ്റിയ പ്രവാസികള്‍ പല തൊഴില്‍ മേഖലകളിലും പരിചയസമ്പത്തും നേതൃശേഷിയും തെളിയിച്ചവരാണ്. ഒരു ലക്ഷത്തിലേറെ അതിഥിതൊഴിലാളികള്‍ സംസ്ഥാനം വിട്ട സാഹചര്യത്തിൽ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ചില തൊഴിലുകള്‍ കുലത്തൊഴിലാക്കി പ്രത്യേകവിഭാഗങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന പ്രവണത അവസാനിപ്പിച്ച് ഏത് തൊഴിലും ആർക്കും ചെയ്യാനുള്ള മനോഭാവമുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തൊഴില്‍ നൈപുണ്യപരിശീലനമടക്കമുള്ള സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായും തങ്ങള്‍ പറഞ്ഞു.
കോവിഡ് കാലം വലിയ പരിചിന്തനത്തിന് വഴിതെളിയിച്ചു. മനുഷ്യമനസ്സിന്റെ വിമലീകരണത്തിന് അത് കളമൊരുക്കി. ക്ഷമ പരിശീലിപ്പിച്ചതിനൊപ്പം, മിതത്വവും മിതവ്യയവും ശീലിപ്പിച്ചു. ആര്‍ഭാടങ്ങള്‍ വിട്ട് അത്യാവശ്യങ്ങളിലേക്ക് നമ്മെ പാകപ്പെടുത്തി. വ്യക്തിശുദ്ധിയോടൊപ്പം പരിസരശുദ്ധിയും അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി. നെട്ടോട്ടം നിര്‍ത്തി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനും ഒരുമിച്ചുള്ള ആരാധനക്കും വായനക്കും ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്താനുമെല്ലാം പഠിപ്പിച്ച കോവിഡ് കാലം, എല്ലാം നേടിയവനെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്റെ നിസ്സഹായത ബോധ്യപ്പെടുത്തുകയും ദൈവികശക്തിയുടെ സാന്നിധ്യത്തെക്കുറിച്ച തിരിച്ചറിവുണ്ടാക്കുകയും ചെയ്തു. പ്രകൃതിയിലേക്കും ജീവിതയാഥാര്‍ഥ്യങ്ങളിലേക്കും തിരിച്ചുപോക്ക് നടത്തുകയും കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചു.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സാംസ്കാരികത്തനിമ ചോര്‍ന്നുപോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോ. എം.എ.എച്ച് അസ്ഹരി ഊന്നിപ്പറഞ്ഞു. സ്വന്തം സാംസ്‌കാരികത്തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ, പൊതുസമൂഹവുമായി ക്രിയാത്മകമായി സഹകരിച്ചുപ്രവര്‍ത്തിക്കാമെന്ന ബഹുസ്വരതയുടെ ഉദാത്തമാതൃകയാണ് പുരാതനകാലം മുതലേ കേരളത്തിെൻറ ചരിത്രം കാഴ്ചവെക്കുന്നത്. കേരളീയ മുസ്ലിംകള്‍ക്ക് അവരുടെതായ ഭാഷയും സംസ്‌കാരവുമുണ്ടായിരുന്നു. അറബി മലയാളത്തില്‍ രചിക്കപ്പെട്ട ആയിരത്തിലധികം കൃതികള്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഉണ്ട്. ബഹുസ്വരതയില്‍ ലയിക്കാനുള്ള വ്യഗ്രതയില്‍ നമ്മുടെ സാംസ്‌കാരിക ഈടുവെപ്പുകളില്‍ ചിലതെങ്കിലും പില്‍ക്കാലത്ത് നഷ്ടമായി. മതം ഒരു വ്യവഹാരമാണെന്ന വസ്തുത അക്ഷരംപ്രതി പാലിച്ചതാണ് ഇന്ത്യയില്‍ ഇസ്ലാം മതപ്രചാരണത്തിന് ആക്കം കൂട്ടിയതെന്ന് ഡോ. അസ്ഹരി ചൂണ്ടിക്കാട്ടി.
സൗദിയിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുമായി ഓൺലൈൻ പരിപാടിയിൽ സംബന്ധിച്ചവര്‍ മുനവ്വറലി തങ്ങളുമായും ഡോ. അസ്ഹരിയുമായും നടത്തിയ ചോദ്യോത്തര പരിപാടി ഏറെ ശ്രദ്ധേയമായി. ജി.ജി.ഐ ഫേസ്ബുക് പേജിലൂടെ പരിപാടിയുടെ തത്സമയ ലൈവ് പ്രക്ഷേപണവും ഉണ്ടായിരുന്നു. ജി.ജി.ഐ പ്രസിഡണ്ട് ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. ജി.ജി.ഐ രക്ഷാധികാരികളായ ആലുങ്ങല്‍ മുഹമ്മദ്, വി.പി. മുഹമ്മദലി, മുല്ലവീട്ടില്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. ഇസ്ഹാഖ് പൂണ്ടോളി, സാദിഖലി തുവ്വൂര്‍, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി എന്നിവരടങ്ങിയ പാനല്‍ സംഗമം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
