സൗദി-ഇന്ത്യ സൗഹൃദത്തിൽ ‘ജി.ജി.ഐ ഫെസ്റ്റിവൽ’
text_fieldsജിദ്ദ: ഇന്ത്യയുടെയും സൗദിയുടെയും സാംസ്‌കാരിക പൈതൃകങ്ങൾ ഒത്തുചേർന്ന ‘സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ രണ്ട്’ ജിദ്ദയിൽ അരങ്ങേറി. ഗുഡ്‌വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവ് (ജി.ജി.ഐ) ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഉദ്ഘാടനം ചെയ്തു. ‘അര നൂറ്റാണ്ടത്തെ കുടിയേറ്റത്തിന്റെ ഇടനാഴി’ എന്ന പ്രമേയത്തിൽ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു ആഘോഷങ്ങൾ.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അഞ്ച് അടിസ്ഥാന ആശയങ്ങൾ സമ്മേളിച്ച വേദിയാണിതെന്ന് കോൺസുൽ ജനറൽ പറഞ്ഞു. ചടങ്ങിൽ ജി.ജി.ഐ പ്രസിഡൻറ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഡോ. അഷ്റഫ് അമീർ, ഡോ. റീം അൽ മദനി, ഡോ. മുഹമ്മദ് ഇമ്രാൻ, ഡോ. അഹമ്മദ് ആലുങ്ങൽ, റഹീം പട്ടർക്കടവൻ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
കോൺസുൽ ജനറലിന്റെ പത്നി ഫഹ്‌മിനാ ഖാത്തൂൻ, ഷൈമ ഖലീഫ, മക്ക മദ്രസ സൗലത്തി, മദ്റസ മലൈബാരി എന്നിവയുടെ സൂപ്പര്‍വൈസർ ശൈഖ് ആദിൽ ഹംസ മലൈബാരി, ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്‌മാൻ അബ്ദുല്ല യൂസുഫ് മലൈബാരി, ശൈഖ് അഹമ്മദ് അതാഉല്ലാ ഫാറൂഖി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്‌ലം ഖാൻ എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
ജി.ജി.ഐ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു. സ്പോൺസർമാർക്ക് കോണ്‍സല്‍ ജനറലും കലാപ്രതിഭകൾക്ക് പ്രസ് ആൻഡ് കള്‍ച്ചര്‍ ഹെഡ് ഓഫ് ചാന്‍സറി ഐ.എം. ഹുസൈനും ഉപഹാരങ്ങൾ സമ്മാനിച്ചു. പി.എം. ഷംന അവതാരകയായിരുന്നു.
കലാവിരുന്നുകളുടെ സംഗമം
അഞ്ചര മണിക്കൂർ നീണ്ടുനിന്ന ആഘോഷത്തിൽ മൂവായിരത്തിലധികം പേർ സാക്ഷികളായി. സൗത്തുല്‍ മംലക്ക ഫോക് ആര്‍ട്‌സ് ട്രൂപ്പിെൻറ നേതൃത്വത്തിൽ 15 അംഗ സൗദി കലാകാരൻമാർ അവതരിപ്പിച്ച ബഹ്രി, മിസ്മാരി, ഖുബൈത്തി, ജിസാനി, ഖുത്‌വ ജനൂബിയ എന്നീ പാരമ്പര്യ സംഗീത നൃത്തരൂപങ്ങളും ജി.ജി.ഐ ലേഡീസ് വിങ് കണ്‍വീനറും കൊറിയോഗ്രഫറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങൽ ചിട്ടപ്പെടുത്തി നൂറോളം ഇന്ത്യൻ വിദ്യാർഥികൾ അവതരിപ്പിച്ച കഥക്, പഞ്ചാബി, ഒഡിസ സാംബല്‍പുരി, ഗുജറാത്തി, ഭരതനാട്യം തുടങ്ങിയ ഇന്ത്യൻ നൃത്തനൃത്യങ്ങളും വെല്‍ക്കം ഡാന്‍സ്, ട്രഡീഷനല്‍ ഒപ്പന, ഫ്യൂഷന്‍ ഒപ്പന, സൂഫി ഡാന്‍സ്, അറബിക് ഡാന്‍സ്, ഫ്യൂഷന്‍ സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയും കാണികളെ വിസ്മയിപ്പിച്ചു.
ഗുഡ്‌ഹോപ് ആര്‍ട്ട്‌സ് ആൻഡ് സയന്‍സ് അക്കാദമിയിലെയും ഫെനോം അക്കാദമിയിലെയും കലാപ്രതിഭകളുടെ ചുവടുവെപ്പുകളും മനോഹരമായി. അറബ് നർത്തകർ വേദിയിൽ നിന്ന് ഇറങ്ങിവന്ന് കോൺസുൽ ജനറലിനെ ചേർത്തുനിർത്തി താളം പിടിച്ചത് ഹൃദ്യമായ അനുഭവമായി. ഗായകരായ സിക്കന്തർ, ജമാൽ പാഷ, മുംതാസ് അബ്ദുറഹ്‌മാൻ, സോഫിയ സുനിൽ, ഷിഫാന ഷാജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കബീർ കൊണ്ടോട്ടി, അബു കട്ടുപ്പാറ, മുഹമ്മദ് ആലുങ്ങൽ, കെ.ടി. അബൂബക്കർ, അൽമുർത്തു, ഹുസൈൻ കരിങ്കറ, ഇബ്രാഹിം ശംനാട്, അഷ്‌റഫ് പട്ടത്തിൽ, നൗഷാദ് താഴത്തെവീട്ടിൽ, സുൽഫിക്കർ മാപ്പിളവീട്ടിൽ, ഗഫൂർ കൊണ്ടോട്ടി, നജീബ് പാലക്കാത്ത്, സുബൈർ വാഴക്കാട്, മൻസൂർ വണ്ടൂർ, എ.പി.എ. ഗഫൂർ, മുബഷിർ പാലത്തിങ്ങൽ, ഫൈറൂസ് കൊണ്ടോട്ടി, ജെസി ടീച്ചർ, ഷിബ്‌ന ബക്കർ, ഫാത്തിമ തസ്‌നി ടീച്ചർ, ആയിഷ റുഖ്‌സാന ടീച്ചർ, നാസിറ സുൽഫി, അനീസ ബൈജു, ഷബ്‌ന കബീർ, റിസാന നജീബ്, മാജിദ മുഹമ്മദ് കുഞ്ഞി തുടങ്ങിയ ജി.ജി.ഐ ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

