സൗദിയുടെ അണവറ്റാത്ത സഹായഹസ്തത്തിന് നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ
text_fieldsതങ്ങൾക്ക് സൗദി നൽകി വരുന്ന വലിയ സഹായത്തിന് നന്ദി പറയുന്ന ഗസ്സയിലെ ഫലസ്തീനികൾ
യാംബു: ഇസ്രായേൽ ആക്രമണത്തിൽ ജീവിതം ദുസ്സഹമാകുകയും രൂക്ഷമായ ക്ഷാമം നേരിടുകയും ചെയ്ത ഗസ്സയിലെ ഫലസ്തീനികൾക്ക് സൗദി നൽകി വരുന്ന വലിയ കാരുണ്യ സഹായത്തിന് നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ.
സൗദിയുടെ അന്താരാഷ്ട്ര സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) വഴി നൽകിയ മാനുഷിക സഹായത്തിന് ഗസ്സ മുനമ്പിലെ ഫലസ്തീൻ നിവാസികൾ സൗദിയോട് അഗാധമായ നന്ദി രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചരിത്രത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ ഫലസ്തീൻ ജനതക്കൊപ്പം നിന്ന സൗദി അറേബ്യ ഒരിക്കലും അവരെ പിന്തുണക്കുന്നതിൽ പിന്നോട്ട് പോയിട്ടില്ലെന്ന് ഗസ്സയിലെ ഒരു ഗുണഭോക്താവ് ഊന്നിപ്പറഞ്ഞു. ഗസ്സക്കാർക്ക് ഭക്ഷണ വിതരണത്തിനായുള്ള സൗദിയുടെ സംവിധാനങ്ങൾ നിറവേറ്റുന്ന മഹത്തായ പങ്ക് എപ്പോഴും മുൻപന്തിയിലാണ്. പ്രത്യേകിച്ച് ഭക്ഷണം, മരുന്ന്, ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത ഗസ്സയിൽ പരിമിതപ്പെടുത്തിയിരിക്കുന്ന ഈ നിർണായക ഘട്ടത്തിൽ ജനങ്ങളെ ക്ഷാമത്തിലേക്ക് തള്ളിവിടുന്നതിൽ നിന്ന് കരകയറാൻ സൗദി അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടലുകൾ ഏറെ ശ്ലാഘനീയമാണ്.
2007-ൽ സൗദി നിർമിച്ച ഒരു സ്കൂളിലാണ് താനും മറ്റുള്ളവരും ഇപ്പോൾ അഭയം തേടിയിരിക്കുന്നതെന്ന് ഒരു ഫലസ്തീൻ സ്ത്രീ പറഞ്ഞു. ഇപ്പോൾ അവിടെ അനാഥരും, രക്തസാക്ഷികളുടെ വിധവകളും, വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളും താമസിക്കുന്നു.
ഈ ദുഷ്കരമായ പ്രതിസന്ധി ഘട്ടങ്ങളിൽ ഗസ്സയിലെ ജനങ്ങൾക്ക് സൗദി നൽകുന്ന തുടർച്ചയായ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

