ഗസ്സ പുനർനിർമാണം: അറബ് പദ്ധതിക്ക് ഒ.ഐ.സി അംഗീകാരം
text_fieldsജിദ്ദയിൽ ചേർന്ന ഒ.ഐ.സി അടിയന്തര മന്ത്രിതല യോഗത്തിൽ പങ്കെടുത്തവർ
ജിദ്ദ: ഗസ്സ മുനമ്പിന്റെ പുനർനിർമാണത്തിന് അറബ് ലോകം ആവിഷ്കരിച്ച പദ്ധതിക്ക് ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണകൂട്ടായ്മയായ ഒ.ഐ.സി അംഗീകാരം നൽകി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ജിദ്ദയിലെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ചേർന്ന ഒ.ഐ.സി അടിയന്തര മന്ത്രിതല യോഗമാണ് ഗസ്സ മുനമ്പിന്റെ പുനർനിർമാണത്തിന് ഈജിപ്ത് തയാറാക്കിയ അറബ് പദ്ധതിക്ക് പിന്തുണ നൽകാനുള്ള തീരുമാനമെടുത്തത്. ഫലസ്തീനികളെ കുടിയിറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെ പൂർണമായും തള്ളിക്കളയുന്നുവെന്നും യോഗം വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ നേരിടാനും ഫലസ്തീനികളെ കുടിയിറക്കാതെ ഗസ്സ പുനർനിർമിക്കുന്നതിനുള്ള അറബ് പദ്ധതി ചർച്ച ചെയ്യുന്നതിനുമാണ് ജിദ്ദയിൽ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നത്. ഗസ്സ പുനർനിർമാണപദ്ധതിക്ക് ആവശ്യമായ പിന്തുണ വേഗത്തിൽ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോടും പ്രാദേശിക, അന്തർദേശീയ ധനകാര്യസ്ഥാപനങ്ങളോടും യോഗം അഭ്യർഥിച്ചു.
തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യം നടപ്പാക്കുന്നതിന് ശാശ്വതവും നീതിയുക്തവുമായ ഒരു പരിഹാരത്തിനായി രാഷ്ട്രീയ സമവായ പാത ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിന്റെ അന്തിമ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽ ആക്രമണത്തെയും അവിടേക്കുള്ള നുഴഞ്ഞുകയറ്റത്തെയും യോഗം അപലപിച്ചു.
ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണം, അവരുടെ ഭൂമി പിടിച്ചെടുക്കൽ, കുടിയിറക്കൽ തുടങ്ങിയ വിഷങ്ങളും യോഗം ചർച്ച ചെയ്തു. ഫലസ്തീനികളുടെ സ്ഥലംമാറ്റം, കുടിയിറക്കൽ, ഇസ്രായേൽ ആക്രമണം, നശിപ്പിക്കൽ തുടങ്ങിയവയെ അപലപിക്കുകയും ആ ശക്തികളുടെ പദ്ധതികളെ തള്ളിക്കളയുകയാണെന്നും യോഗം വ്യക്തമാക്കി.
ഗസ്സ പുനർനിർമിക്കാനുള്ള അറബ് പദ്ധതി ഒ.ഐ.സി അംഗീകരിച്ചതിനെ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആത്വി പ്രശംസിച്ചു. യൂറോപ്യൻ യൂനിയനും ജപ്പാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും പദ്ധതി സ്വീകരിക്കുന്നതോടെ ഒരു അന്താരാഷ്ട്ര പദ്ധതിയാകുക എന്നതാണ് അടുത്ത ഘട്ടമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

