പാട്ടുവേദിയിൽ മാറ്റുരക്കാൻ കടലിനിക്കരെ നിന്നൊരു ഗൗരി നന്ദ
text_fieldsഗൗരി നന്ദ
ജുബൈൽ: മിനി സ്ക്രീനിലെ പാട്ടുവേദിയിൽ മാറ്റുരക്കാൻ കടലിനിക്കരെനിന്നൊരു മിടുക്കി. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്നുള്ള കൊച്ചു ഗായിക കോഴിക്കോട് പയ്യോളി സ്വദേശിനി ഗൗരി നന്ദ ഫ്ലവേഴ്സ് ടി.വിയിലെ ‘ടോപ് സിംഗർ-2025’ മ്യൂസിക്കൽ റിയാലിറ്റി ഷോയിലാണ് മാറ്റുരക്കാൻ പോകുന്നത്. സ്വപ്ന വേദിയിൽ എം. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ആര്യ ദയാൽ തുടങ്ങിയ പ്രഗത്ഭരായ വിധികർത്താക്കളുടെ മുമ്പിൽ പാടാനുള്ള അവസരം ലഭിച്ചതിൽ ഏറെ ആഹ്ലാദഭരിതയാണ് ഗൗരി. കഴിഞ്ഞ നാല് വർഷത്തോളം നിരവധി ഓഡിഷനുകളിൽ പങ്കെടുത്തെങ്കിലും അവസാന നിമിഷങ്ങളിൽ വിധി അനുകൂലമായില്ല. ഇത്തവണയും പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും ടോപ് സിംഗർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ബാല്യം മുതൽ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഗൗരി ഈ നേട്ടത്തിെൻറ മുഴുവൻ ക്രെഡിറ്റും അച്ഛനും അമ്മക്കും ഗുരുക്കന്മാർക്കും പിന്തുണച്ചവർക്കുമായി സമർപ്പിക്കുകയാണ്. ജുബൈലിലെ സംഗീത പ്രേമികളും ഏറെ പ്രതീക്ഷയിലാണ്. ഗൗരിയുടെ സംഗീതയാത്രയിൽ ഏറ്റവും വലിയ തുണയായത് മാതാപിതാക്കൾ തന്നെയാണ്. അമ്മയുടെ അടുക്കളയിൽ മുഴങ്ങിക്കേട്ടിരുന്ന പാട്ടുകളും അച്ഛനോടൊപ്പം യാത്രചെയ്യുമ്പോൾ വാഹനത്തിൽ നിറഞ്ഞുനിന്നിരുന്ന എൺപതുകളുടെ സംഗീത മധുരവുമാണ് പാട്ടുകളോടുള്ള ഇഷ്ടം ചെറുപ്പത്തിലേ ഗൗരിയുടെ ഹൃദയത്തിൽ കോറിയിട്ടത്.
ജുബൈൽ ‘നൂപുരധ്വനി’ മ്യൂസിക് സ്കൂളിലെ വിദ്യാർഥിനിയായ ഗൗരി, കർണാട്ടിക് സംഗീത അധ്യാപിക ദിവ്യ നവീെൻറ കീഴിലാണ് ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത്. ഒരുപാട് സ്നേഹവും പ്രോത്സാഹനവുമാണ് ടീച്ചർ നൽകുന്നതെന്ന് ഗൗരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ദമ്മാമിൽ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതജ്ഞയായ അരുണ തമ്പിയുടെ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്. ഓഡിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കിയത് അരുണ ടീച്ചറിൽനിന്നാണ്. വാദ്യോപകരണങ്ങളും അഭ്യസിക്കുന്നുണ്ട്. ആനന്ദ് കാവുംവട്ടം, രാഗേഷ്, വിജേഷ്, ഗിരീഷ്, രൂപേഷ് എന്നിവരിൽ നിന്നും സംഗീത അറിവുകൾ കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ചു.
ഒ.ഐ.സി.സി, നവോദയ, നവയുഗം, കെ.എം.സി.സി, കൊയിലാണ്ടി നാട്ടുകൂട്ടം, ജുബൈൽ ചങ്ങാതിക്കൂട്ടം, ജുബൈൽ മലയാളി സമാജം, സൗദി മലയാളി സമാജം, മലയാളം മിഷൻ, തണ്ടർ ബാങ് മ്യൂസിക് ബാൻഡ്, സ്വരലയ സംഗീതവേദി, ബീറ്റ് ബോക്സ്, വെസ്കോസ, സ്നേഹം ദമ്മാം, പനോരമ, ആത്മ, അക്ഷരമുറ്റം തുടങ്ങിയ പ്രവാസി സാമൂഹിക, സാംസ്കാരിക സംഘടനകളുടെ കലാവേദികളിൽ നിറസാന്നിധ്യമാണ് ഗൗരി നന്ദ.
ടോപ് സിംഗർ വേദിയിലെ ആദ്യത്തെ ഷൂട്ടിങ് ദിനം അതിശയകരമായിരുന്നെന്ന് ഗൗരി ഓർക്കുന്നു. വലിയ ഫ്ലോർ, സൗണ്ട് സിസ്റ്റം, ചുറ്റും വലിയ കാമറകളും വെളിച്ചവും. ആദ്യം ഭയം തോന്നിയെങ്കിലും പതിയെ പേടിയൊക്കെ മാറി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ‘മൗനസരോവരം’ എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹത്തിനു മുന്നിൽ തന്നെ പാടാൻ ഭാഗ്യമുണ്ടായി.
സ്കൂൾ പഠനവും സംഗീത സപര്യയും ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും അതിരാവിലെ എഴുന്നേറ്റ് സംഗീതവും രാത്രിയിൽ സ്കൂൾ പാഠഭാഗങ്ങളും പഠിച്ച് മുന്നോട്ടുപോകുന്നു. പഠനവും സംഗീതവുമായി മുന്നേറാനാണ് ഗൗരിയുടെ പ്ലാൻ. സ്കൂളിൽ ക്ലാസിൽ എപ്പോഴും മുൻനിരയിലുണ്ട്.
നിരവധി ആൽബങ്ങളിലൂടെ പ്രശസ്തയായ ഗൗരി, പ്രവാസി കലോത്സവങ്ങളിലും മലയാളം മിഷൻ കവിത മത്സരത്തിലും വിജയിയായിരുന്നു. ജുബൈലിലെ തമീമി റെൻറൽസ് കമ്പനിയിൽ ഓപറേഷൻ മാനേജരായ കോഴിക്കോട് അയനിക്കാട് പയ്യോളി സ്വദേശി ‘അശ്വതി’യിൽ സജീഷ് ആണ് പിതാവ്. വിജിലയാണ് മാതാവ്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അതേ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി ഗൗതം കൃഷ്ണ അനുജനാണ്.
സംഗീതജ്ഞയായ ഡോക്ടർ ആകണം എന്നതാണ് സ്വപ്നം. സ്ഥിരോത്സാഹവും കഠിനാധ്വാനവും തീവ്രമായ ആഗ്രഹവും ഉണ്ടെങ്കിൽ സ്വപ്നം കാണുന്ന ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ കഴിയുമെന്നാണ് ഗൗരി വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

