ഹുറൂബ് കുരുക്കഴിഞ്ഞു; ഗംഗാറാം നാട്ടിലെത്തി
text_fieldsമണിക്കുട്ടൻ (ഇടത്) ഗംഗാറാമിനൊപ്പം ആശുപത്രിയിൽ. സുഹൃത്ത് മുഹമ്മദ് സമീപം
ദമ്മാം: രോഗിയായിട്ടും സ്പോൺസർ 'ഹുറൂബ്' ആക്കിയതിനാൽ നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ നിയമക്കുരുക്ക് അഴിച്ച് നാട്ടിലേക്ക് മടങ്ങി. തെലങ്കാന കോനപുർ സ്വദേശിയായ മറമ്പിൽ ഗംഗാറാം എന്ന തൊഴിലാളിയെയാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടുത്തിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ദമ്മാം കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗംഗാറാമിന്റെ ദുരവസ്ഥ, അയാളുടെ ചില സുഹൃത്തുക്കളാണ് നവയുഗം ജീവകാരുണ്യവിഭാഗത്തെ അറിയിച്ചത്. സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ ഇൻഷുറൻസില്ലാതെ ചികിത്സ ചെലവുകൾ സ്വന്തം പോക്കറ്റിൽനിന്ന് ചെലവാക്കേണ്ടിവന്നതിനാൽ തുടർചികിത്സ ഒരു ചോദ്യചിഹ്നമായിരുന്നു ഗംഗാറാമിന്. നാട്ടിലേക്ക് മടങ്ങാൻ ചികിത്സിച്ച ഡോക്ടർ ഉപദേശിച്ചെങ്കിലും ഹുറൂബ് ആയതിനാൽ അതിന് കഴിയാത്ത അവസ്ഥയായിരുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകൻ പത്മനാഭൻ മണിക്കുട്ടൻ ഗംഗാറാമിന്റെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും നിരന്തരം ഇടപെടൽ നടത്തുകയും ചെയ്തു.
ഗംഗാറാമിന് എക്സിറ്റ് നൽകാനുള്ള അപേക്ഷ എംബസി തർഹീലിലേക്ക് നൽകി. തർഹീൽ ഓഫിസറുടെ സഹായത്തോടെ മണിക്കുട്ടൻ അതിന്മേലുള്ള നടപടികൾ വേഗത്തിലാക്കിയതോടെ ഫൈനൽ എക്സിറ്റ് അടിച്ചുകിട്ടി. മണിക്കുട്ടന്റെ അഭ്യർഥനപ്രകാരം ഹൈദരാബാദ് പ്രവാസി അസോസിയേഷൻ വിമാനടിക്കറ്റ് സൗജന്യമായി നൽകി. നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞ് ഗംഗാറാം നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

