ഇന്ത്യൻ എംബസിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയിലെ ഗാന്ധിപ്രതിമയിൽ ഷാർഷെ ദഫെ എം.ആർ. സജീവ് പുഷ്പാർച്ചന നടത്തുന്നു
റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു.
ഷാർഷെ ദഫെ എം.ആർ. സജീവും മറ്റ് ജീവനക്കാരും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. എംബസി അങ്കണത്തിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ നടത്തിയ സൈക്കിൾ റാലിയോടെയായിരുന്നു തുടക്കം. ഷാർഷെ ദഫെ എം.ആർ. സജീവ് ഫ്ലാഗോഫ് ചെയ്തു. ഗാന്ധിജിയുടെ സത്യം, സത്യഗ്രഹം, അഹിംസ എന്നീ സന്ദേശങ്ങൾ ഉയർത്തി നടത്തിയ റാലി ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റി, സൗദി സൈക്ലിങ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. നയതന്ത്രപ്രതിനിധികൾ, സൗദി പൗരന്മാർ, ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികൾ എന്നിവർ റാലിയിൽ പങ്കെടുത്തു. ആരോഗ്യ പരിപാലനത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ഷാർഷെ ദഫെ എം.ആർ. സജീവ് സംസാരിച്ചു. 'ആരോഗ്യത്തിന്റെ താക്കോൽ'എന്നപേരിൽ ഗാന്ധിജി ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഗാന്ധിജി പ്രസംഗിക്കുക മാത്രമല്ല സന്ദേശം പ്രയോഗവത്കരിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. റാലിയിൽ പങ്കെടുത്തവർക്ക് ടി ഷർട്ടുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ എംബസി അങ്കണത്തിൽ ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചുള്ള നാടകാവതരണവും കവിത പാരായണവും ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.