ഗാംബിയൻ ഹജ്ജ് തീർഥാടകർ മടങ്ങിയത് സൗദി പാരമ്പര്യ വേഷത്തിൽ
text_fieldsസൗദി പാരമ്പര്യ വേഷത്തിൽ സ്വദേശത്തേക്ക് മടങ്ങുന്ന ഗാംബിയൻ ഹജ്ജ് തീർഥാടകർ
ജിദ്ദ: പശ്ചിമ ആഫ്രിക്കയിലെ ഗാംബിയയിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങിയത് സൗദി അറേബ്യയുടെ പാരമ്പര്യ വേഷത്തിൽ. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് ഗാംബിയ തലസ്ഥാനമായ ബൻജുൾ നഗരത്തിലേക്ക് പുറപ്പെട്ട വിമാനത്തിലെ ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന അവസാന സംഘത്തിലെ തീർഥാടകരാണ് സൗദി വേഷത്തിൽ സ്വദേശത്തേക്ക് യാത്ര തിരിച്ചത്.
വിമാനത്താവളത്തിലെ ഹാളുകളിലും ഇടനാഴികളിലും ഗാംബിയൻ തീർഥാടകർ സൗദി വസ്ത്രം ധരിച്ചെത്തിയത് ആളുകൾ സന്തോഷത്തോടെ വീക്ഷിച്ചു. ഗാംബിയൻ തീർഥാടകരുടെ വരവ് വിമാനത്താവള ഉദ്യോഗസ്ഥരിലും വിമാനത്തിലെ ജീവനക്കാരിലും മറ്റ് യാത്രക്കാരിലും അമ്പരപ്പുണ്ടാക്കി.
മുസ്ലിം മനസ്സുകളിൽ ഇരുഹറമുകളുടെ നാടായ സൗദി അറേബ്യക്കുള്ള സ്ഥാനത്തിന്റെ മൂർത്തിഭാവമാണ് ഗാംബിയൻ തീർഥാടകരുടെ സൗദി വേഷത്തിൽ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് മർകസ് ഹയ്യ് ഉംറ മേധാവി ഖാലിദ് അൽമാലിക്കി പ്രാദേശിക പത്രത്തോട് പറഞ്ഞു.
ഹജ്ജ്, ഉംറ കർമങ്ങൾ അനുഷ്ഠിക്കുന്നതിനും മദീന സന്ദർശിക്കുന്നതിനുമായി മക്കക്കും മദീനക്കും പുണ്യസ്ഥലങ്ങൾക്കും ഇടയിൽ ഒരു മാസത്തിലധികം താമസിച്ച ശേഷമാണവർ തിരിച്ചുപോകുന്നത്. ആ വിശുദ്ധ സ്ഥലങ്ങളെ അവർ മനസ്സിൽ തലോലിക്കുകയാണെന്നും അൽമാലിക്കി പറഞ്ഞു. ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമാണ് ഗാംബിയ. 26 ലക്ഷമാണ് ജനസംഖ്യ. അതിൽ 95 ശതമാനവും മുസ്ലിംകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

