ഹജ്ജ് യാത്രയിൽ ഗദ്ദാഫി എന്ന പേര് പുലിവാലായി; നിശ്ചയദാർഢ്യവും ഭാഗ്യവും തുണയായി
text_fieldsജിദ്ദയിലിറങ്ങാനയതിന്റെ സന്തോഷത്തിൽ അമർ അല്‍ മഹ്ദി മന്‍സൂര്‍ അല്‍ ഗദ്ദാഫി
മക്ക: ഹജ്ജിന് പുറപ്പെട്ട അമര്‍ അല്‍ മഹ്ദി മന്‍സൂര്‍ അല്‍ ഗദ്ദാഫി എന്ന ലിബിയൻ യുവാവിന് നേരിട്ട ദുരനുഭവത്തിെൻറയും നിശ്ചയദാർഢ്യം ഭാഗ്യവും കൊണ്ട് അതിനെ അതിജീവിക്കാനായതിന്റെയും വിസ്മയകരമായ കഥയാണിത്. സ്വദേശത്തുനിന്ന് ജിദ്ദയിലേക്ക് പുറപ്പെടാൻ ലിബിയൻ തലസ്ഥാനത്തെ എയർപ്പോർട്ടിൽ എത്തിയതാണ് യുവാവ്. എന്നാൽ ഗദ്ദാഫി എന്ന പേര് പ്രശ്നമായി. ലിബിയയുടെ മുൻ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുമായി സാമ്യമുള്ള അല്‍ ഗദ്ദാഫി എന്ന കുടുംബപ്പേരാണ് പുലിവാലായത്. എയർപ്പോർട്ടിലെ ഉദ്യോഗസ്ഥര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് ഇമിഗ്രേഷന്‍ കൗണ്ടറിൽ അമറിനെ തടഞ്ഞുവച്ചു. യാത്ര തുടരാവാനില്ല എന്ന് അവർ കർശനമായി പറഞ്ഞു.
കൂടെയുള്ളവര്‍ വിമാനത്തിൽ കയറുമ്പോഴും അമറിന് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. എയർപോർട്ടിൽനിന്ന് പുറത്തുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഹജ്ജിനുള്ള യാത്രക്കായി മുന്നോട്ടല്ലാതെ താന്‍ അവിടെ നിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ച് നിലയുറപ്പിച്ചു. അതേസമയം യാദൃശ്ചികമായി ചിലത് അപ്പോൾ സംഭവിച്ചു. ജിദ്ദയിലേക്ക് ടേക്കോഫ് ചെയ്ത വിമാനത്തിന് അപത്രീക്ഷിതമായി സാങ്കേതിക തകരാര്‍ നേരിട്ടു. അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്നു. റിപ്പയറിങ്ങിന് ശേഷം വീണ്ടും പറന്നുയർന്നെങ്കിലും തകരാർ ആവർത്തിച്ചു. രണ്ടാമതും തിരിച്ചിറക്കി. ഇതോടെ ക്യാപ്റ്റന്റെ മനസ് മാറി. ‘അമര്‍ കൂടിയില്ലാതെ വിമാനം പറത്തില്ലെന്ന്’ അദ്ദേഹം കട്ടായം പറഞ്ഞു. ഒടുവിൽ അധികൃതര്‍ അമറിന് യാത്രാനുമതി നല്‍കി. അമർ വിമാനത്തിൽ കയറി. മൂന്നാമത്തെ ശ്രമത്തില്‍ തകരാറുകളൊന്നുമില്ലാതെ വിമാനം പറത്താൻ ക്യാപ്റ്റന്‍ കഴിഞ്ഞു. സുരക്ഷിതമായി വിമാനം ജിദ്ദയിലെത്തി. തന്റെ ജീവിതാഭിലാഷമായ ഹജ്ജ് നിർവഹിക്കാൻ അമർ ഇന്നലെ മക്കയിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

