ജി20 ‘യങ് ഇന്ത്യ’പ്രതിനിധി സംഘം സൗദി സന്ദർശിച്ചു
text_fieldsഇന്ത്യൻ അംബാസഡർ സുഹേൽ അജാസ് ഖാൻ, സെക്കൻഡ് സെക്രട്ടറി റിതു യാദവ് എന്നിവർ ജി20 ‘യങ് ഇന്ത്യ’പ്രതിനിധി സംഘത്തോടൊപ്പം
റിയാദ്: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും (സി.ഐ.ഐ.യു) യങ് ഇന്ത്യയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി സന്ദർശിച്ചു. മേയ് ഒമ്പതു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ സന്ദർശനം പൂർത്തിയാക്കി സംഘം മടങ്ങി. ജൂലൈ 13 മുതൽ 15 വരെ ന്യൂഡൽഹിയിൽ നടക്കുന്ന യങ് എന്റർപ്രണേഴ്സ് അലയൻസ് (വൈ.ഇ.എ) മീറ്റിന്റെ മുന്നോടിയായാണ് സംഘത്തിന്റെ സൗദി സന്ദർശനമെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രതിനിധി സംഘത്തെ സൗദി ജി20 യങ് എന്റർപ്രണേഴ്സ് അലയൻസ് (വൈ.ഇ.എ) പ്രസിഡന്റ് പ്രിൻസ് ഫഹദ് ബിൻ മൻസൂർ ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്വീകരിച്ചു. സന്ദർശന വേളയിൽ സൗദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്), സൗദി അറാംകോ, പ്രമുഖ കെമിക്കൽ നിർമാണ കമ്പനി സാബിക്, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പൊതു അധികാര കേന്ദ്രമായ മോൻഷാത്, ആശയവിനിമയ വിവരസാങ്കേതിക മന്ത്രാലയം, സൗദി ടെലികോം (എസ്.ടി.സി), മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷൻ (മിസ്ക്ന്) എന്നീ പ്രമുഖ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ അധികാരികളുമായി പ്രതിനിധി സംഘം ചർച്ച നടത്തി.
ലോകത്തിന്റെ ഐ.ടി ഹബായി അംഗീകരിക്കപ്പെടുന്ന ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി 100ലധികം യൂനികോണുകളും 80,000 സ്റ്റാർട്ടപ്പുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിവേഗമുള്ള ഡിജിറ്റൈസേഷനും ദ്രുതഗതിയിൽ വളർന്നുവരുന്ന ഐ.ടി വ്യവസായങ്ങളും വഴി സൗദി അറേബ്യയും വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും അതിവേഗം വളരുന്ന സംരംഭക, സ്റ്റാർട്ടപ് മേഖലകളെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പ്രതിനിധികളുമായി സംവേദനാത്മക ചർച്ച നടത്തുകയും വളർന്നുവരുന്ന ഇന്ത്യ, സൗദി ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ഗുണകരമായ പുരോഗതികൾ പങ്കുവെക്കുകയും ചെയ്തു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും പിന്തുണക്കുന്നതിനുള്ള സമീപനം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും 2019ലാണ് തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഇരു രാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. സംരംഭക മേഖലയിൽ, ചെറുകിട ഇടത്തരം സംരംഭ (എസ്.എം.ഇ) മേഖലയെ പിന്തുണക്കുന്നതിനായി മോൻഷാത്തും എസ്.ഐ.ബി.ഐയും തമ്മിൽ കഴിഞ്ഞ ഡിസംബറിൽ ധാരണപത്രം ഒപ്പുവെച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന ലീപ് കോൺഫറൻസിൽ പങ്കെടുക്കാൻ 45 കമ്പനികളുടെ ഒരു വലിയ പ്രതിനിധി സംഘവും സൗദി അറേബ്യ സന്ദർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രതിനിധി സംഘത്തെ മികച്ച ആതിഥേയത്വത്തോടെയാണ് സൗദി സ്വീകരിച്ചത്. പ്രിൻസ് ഫഹദ് അൽ സൗദ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്താണ് സംഘം മടങ്ങിയത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി റിതു യാദവും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

