റിയാദിലെ ഭാവി നിക്ഷേപ സംരംഭ സമ്മേളനം 60 ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കും
text_fieldsഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പിനായി നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാൻ റിച്ചാർഡ് അറ്റിയാസ് സംസാരിക്കുന്നു
റിയാദ്: അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന ഭാവി നിക്ഷേപ സംരംഭ (ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്) സമ്മേളനത്തിന്റെ ഒമ്പതാം പതിപ്പിൽ 60 ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ചെയർമാൻ റിച്ചാർഡ് അറ്റിയാസ് പറഞ്ഞു. 20ലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. ആദ്യമായാണ് ഇത്രയും രാഷ്ട്രത്തലവന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷറ, പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, ജോർദാനിയൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള എന്നിവർ ഇതിൽ ഉൾപ്പെടുമെന്നും അറ്റിയാസ് പറഞ്ഞു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പിനായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകമെമ്പാടുമുള്ള പ്രധാന നിക്ഷേപകർ, പ്രമുഖർ, വിദഗ്ധർ എന്നിവരുടെ വിപുലമായ സാന്നിധ്യം സമ്മേളനത്തിന് സാക്ഷ്യം വഹിക്കുമെന്ന് അറ്റിയാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കൃത്രിമബുദ്ധി, ശുദ്ധമായ ഊർജ്ജം, മറ്റ് മേഖലകൾ എന്നിവയിൽ 200 ബില്യൺ ഡോളറിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പിൽ ഒപ്പുവെക്കാൻ പോകുന്ന കരാറുകളുടെ മൂല്യം മുൻ പതിപ്പിൽ ഒപ്പുവച്ച 28 ബില്യൺ ഡോളറിനേക്കാൾ കൂടുതലാകുമെന്നും അറ്റിയാസ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇതിൽ ഒപ്പിടാൻ എല്ലാ ദിവസവും നിരവധി അതിഥികൾ എത്തും.
‘സമൃദ്ധിയുടെ താക്കോൽ’ എന്ന വിഷയത്തിൽ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിന്റെ ഒമ്പതാമത് പതിപ്പിൽ ലോകമെമ്പാടുമുള്ള സി.ഇ.ഒമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വർക്ക്‌ഷോപ്പുകളും ചർച്ചാ സെഷനുകളും കൂടാതെ 8000-ത്തിലധികം പങ്കാളികൾ, 600 പ്രഭാഷകർ, 250 സംഭാഷണ സെഷനുകൾ എന്നിവയും ഉൾപ്പെടുമെന്ന് അറ്റിയോസ് വിശദീകരിച്ചു.
നവീകരണത്തിലും സംയോജിത ആഗോള നിക്ഷേപ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘നിക്ഷേപ ദിന’ത്തിനായി സമ്മേളനത്തിന്റെ മൂന്നാം ദിവസം നീക്കിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ റിയാദ് സന്ദർശിക്കുന്നുണ്ട്. ഞങ്ങളുടെ കാഴ്ചപ്പാട് ലളിതമാണ്. ഭാവി തലമുറകൾക്ക് മികച്ച ഭാവി സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഒരു മാറ്റമുണ്ടാക്കാൻ ആളുകൾ ഇവിടെ നിക്ഷേപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നവെന്നും അറ്റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

