പ്രവാസ ലോകത്തുനിന്ന് വെള്ളിത്തിരയിലേക്ക്; പുരസ്കാര നിറവിൽ ഷാജു വാലപ്പൻ
text_fieldsഷാജു വാലപ്പൻ
റിയാദ്: കഠിനാധ്വാനവും ആത്മസമർപ്പണവും കൈമുതലാക്കി ബിസിനസ് രംഗത്ത് വിജയം കൊയ്ത പ്രവാസി സംരംഭകൻ ഷാജു വാലപ്പൻ ഇപ്പോൾ ചലച്ചിത്ര ലോകത്തും ശ്രദ്ധേയനാകുന്നു. രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (റിഫ്) മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കരസ്ഥമാക്കി പ്രവാസ ലോകത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുകയാണ് ഈ കലാകാരൻ.
തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ വാലപ്പൻ ആൻറണി-ത്രേസ്യ ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഷാജു വാലപ്പൻ, കുട്ടിക്കാലം മുതൽക്കേ കൃഷിയിലും മാതാപിതാക്കളുടെ തൊഴിലുകളിലും സഹായിയായി വളർന്ന വ്യക്തിയാണ്. കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളി സ്കൂൾ, ബി.വി.എം ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, പനമ്പിള്ളി ഗോവിന്ദമേനോൻ കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് 1994ൽ എം.കോം പൂർത്തിയാക്കി.
മുംബൈയിലെ ഡാറ്റാ മാറ്റിക്സ് ലിമിറ്റഡിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സൗദി അറേബ്യയിലേക്ക് ചേക്കേറി. 1997ൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ച് ബിസിനസ് രംഗത്തേക്ക് കടന്ന അദ്ദേഹം ഇന്ന് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ തൊഴിൽ നൽകുന്ന വാലപ്പൻ ഗ്രൂപ്പിന്റെ ചെയർമാനാണ്.
ബിസിനസ് തിരക്കുകൾക്കിടയിലും സാമൂഹിക സേവനങ്ങളിൽ ഷാജു വാലപ്പൻ സജീവമാണ്. വിദേശത്തും നാട്ടിലും മരിക്കുന്ന നിർധനരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും, പാവപ്പെട്ടവർക്ക് ചികിത്സയും വീടും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കാനും അദ്ദേഹം മുൻപന്തിയിലുണ്ട്. ഈ കാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് 2024-ലെ ബാബാ സാഹിബ് അംബേദ്കർ വിശിഷ്ട സേവാ നാഷനൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ചാലക്കുടി ആൽഫാ പാലിയേറ്റീവ് കെയറിെൻറ അജീവനാന്ത രക്ഷാധികാരി കൂടിയാണ് അദ്ദേഹം.
സിനിമയിലെ വിജയയാത്ര
കോവിഡ് കാലത്താണ് കലയോടുള്ള തന്റെ അഭിനിവേശം തിരിച്ചറിഞ്ഞ് ‘വാലപ്പൻ ക്രിയേഷൻസ്’ എന്ന സിനിമ നിർമാണ കമ്പനിക്ക് അദ്ദേഹം തുടക്കം കുറിച്ചത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് ഫീച്ചർ ഫിലിമുകൾ ഉൾപ്പെടെ അഞ്ച് പ്രോജക്ടുകൾ പൂർത്തിയാക്കി. ജോധ്പൂരിൽ നടന്ന രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ, ഷാജു വാലപ്പൻ സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി.
ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഷെജിൻ ആലപ്പുഴ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, വാലപ്പൻ ക്രിയേഷൻസ് നിർമിച്ച് സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ‘സ്വാലിഹ്’ മികച്ച സിനിമ ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.
മികച്ച ഛായാഗ്രാഹകൻ (ജലീൽ ബാദുഷ), മികച്ച നടി (ഡോ. അനശ്വര), മികച്ച സ്വഭാവനടൻ (അഡ്വ. റോയ്), മികച്ച ബാലതാരം (ബേബി ആത്മിക) എന്നിവരാണ് മറ്റ് ജേതാക്കൾ. തിരുവനന്തപുരം സത്യജിത് റായ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾക്കും ഈ ചിത്രങ്ങൾ അർഹമായിട്ടുണ്ട്.
ജോധ്പൂർ മഹാരാജാവ് ഗജ് സിങ്, ബോളിവുഡ് താരങ്ങളായ രജിത് കപൂർ, മകരന്ദ് ദേശ്പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
കുടുംബം
ഭാര്യയും കമ്പനി മാനേജിങ് ഡയറക്ടറുമായ ലിൻസി, മക്കളായ നോയൽ, ഡോ. നോവ, നേഹ എന്നിവരടങ്ങുന്ന കുടുംബമാണ് ഷാജു വാലപ്പന്റെ എല്ലാ വിജയങ്ങൾക്കും പിന്നിലെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

