ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്; ഏപ്രിൽ വായനാനുഭവങ്ങൾ പങ്കുവെച്ച് റിയാദ് ‘ചില്ല’
text_fieldsറിയാദ്: അറിവിെൻറയും അനുഭവങ്ങളുടെയും പുതിയ ലോകങ്ങൾ തുറന്നുകൊണ്ട് റിയാദിലെ ചില്ല സർഗവേദിയുടെ ഏപ്രിൽ മാസ വായനാപരിപാടി. ബാബു എബ്രഹാമിെൻറ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം പങ്കുവെച്ചുകൊണ്ട് മൂസ കൊമ്പൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു. വിശപ്പ്, അവഗണന, അനാഥാലയ ജീവിതം, ഹോട്ടൽ ജോലി തുടങ്ങി കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി ജീവിതം തിരിച്ചുപിടിച്ച ബാബു എബ്രഹാമിെൻറ അതിജീവനത്തിെൻറ കഥയാണ് ഈ കൃതി. ജീവിതത്തിെൻറ ഇരുട്ടുകളിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ച നന്ദിക്കുന്നേൽ മേരി എന്ന ‘അമ്മ’യാണ് ഈ കൃതിയുടെ ആധാരശക്തിയെന്ന് മൂസ അഭിപ്രായപ്പെട്ടു. മരണം തന്നെ കഥാകാരനായി എത്തുന്ന മാർക്കസ് സുസാക്കിെൻറ ലോകപ്രശസ്ത നോവൽ ‘ദി ബുക്ക് തീഫ്’ സ്‌നിഗ്ദ വിപിൻ പരിചയപ്പെടുത്തി. രണ്ടാം ലോകയുദ്ധകാലത്തെ നാസി ജർമനിയിലെ ക്രൂരതകൾക്കിടയിൽ ലീസൽ മെമിംഗർ എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ മരണവും കരുണയും സാഹിത്യവും തമ്മിലുള്ള സൂക്ഷ്മബന്ധങ്ങൾ ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയെക്കുറിച്ച് വികാരനിർഭരമായാണ് സ്‌നിഗ്ദ സംസാരിച്ചത്.
ചരിത്രവും ഭാവനയും ഇഴചേരുന്ന ജി.ആർ. ഇന്ദുഗോപെൻറ ‘ആനോ’ എന്ന നോവലിലെ വിസ്മയക്കാഴ്ചകൾ ശരി കാട്ടൂർ അവതരിപ്പിച്ചു. 500 വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്ന് പോർച്ചുഗൽ വഴി റോമിലെത്തി മാർപാപ്പയുടെ ഓമനയായി മാറിയ ഒരു ആനക്കുട്ടിയുടെയും സഹയാത്രികരുടെയും കഥയാണിത്. സ്വാതന്ത്ര്യസമര സേനാനിയും സി.പി.എം മുതിർന്ന നേതാവുമായിരുന്ന എൻ. ശങ്കരയ്യയുടെ ജീവിതം പറയുന്ന ‘എൻ. ശങ്കരയ്യ ജീവിതവും പ്രസ്ഥാനവും’ എന്ന കൃതി സതീഷ് കുമാർ വളവിൽ അവതരിപ്പിച്ചു. എൻ. രാമകൃഷ്ണൻ രചിച്ച ഈ പുസ്തകം തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്.
തുടർന്ന് നടന്ന ചർച്ചകൾക്ക് സീബ കൂവോട് തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, നാസർ കാരക്കുന്ന്, സബീന എം. സാലി, അനിത്ര ജ്യോമി, രാജേഷ് ഓണക്കുന്ന്, അനസ് നസീർ, അജിത രാജേഷ്, സുനിൽ സുലൈ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിക്കുകയും സുരേഷ് ലാൽ മോഡറേറ്ററായി പ്രവർത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

