സ്വതന്ത്ര ചിന്തകർ സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്നു -ഇസ്റ
text_fields‘ലിബറലിസം; വ്യക്തിവാദങ്ങളുടെ കപടോത്സവം’ എന്ന വിഷയത്തിൽ ഇസ്റ ജിദ്ദ ചാപ്റ്റർ
സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഹമ്മദ് സജീർ ബുഖാരി സംസാരിക്കുന്നു
ജിദ്ദ: സാമൂഹിക ജീവിയായ മനുഷ്യന്റെ ഉത്തരവാദിത്തങ്ങളിൽനിന്നു ഓടിപ്പോവുകയാണ് ലിബറലിസം എന്ന പേരിൽ സ്വാർഥത്തെ ആഘോഷമാക്കുന്നവർ എന്ന് മുഹമ്മദ് സജീർ ബുഖാരി പ്രസ്താവിച്ചു. ഇസ്റ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച പൊതുയോഗത്തിൽ ‘ലിബറലിസം; വ്യക്തിവാദങ്ങളുടെ കപടോത്സവം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം മനുഷ്യനെ സാമൂഹിക ഉത്തരവാദിത്തങ്ങളിൽ നേരാംവണ്ണം പങ്കാളികളാക്കാൻ പരിശ്രമിക്കുന്നു. അതേസമയം, സാംസ്കാരികമോ ധാർമികമോ ആയ ഒരു നിർദേശങ്ങളും പാലിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നാണ് ചിലർ ചിന്തിക്കുന്നത്.
വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ ഒരുതരത്തിലും മതം ഇടപെടരുതെന്നാണ് നവലിബറലിസം സിദ്ധാന്തിക്കുന്നത്. ചേലാകർമത്തിനെതിരെ കേസ് കൊടുക്കാൻ പോകുന്നവർ സ്തനങ്ങൾ അരിഞ്ഞെറിഞ്ഞ് ലിംഗമാറ്റം നടത്താൻ പ്രോത്സാഹിപ്പിക്കുന്നു. പ്രതിരോധ സമരങ്ങളെ ആക്ഷേപിക്കുന്നവർ ആർക്കെതിരെയും കടന്നാക്രമണങ്ങൾ നടത്തുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നു എന്നു പറയുമ്പോഴും വ്യക്തികളുടെ വസ്ത്രത്തിലും ഭക്ഷണത്തിലും ആചാരങ്ങളിലും കയറിയിടപെടുന്നു.
സമൂഹത്തിന്റെയും ധാർമിക മൂല്യങ്ങളുടെയും നിയമപരമായ അംഗീകാരത്തോടെ നടക്കുന്ന ബഹുഭാര്യത്വത്തെ പുച്ഛിക്കുന്നവർ ലിവിങ് ടുഗതറും മൈ ബോഡി മൈ ചോയിസും ഇൻസെസ്റ്റും പീഡോഫീലിയയും മൃഗരതിയും ന്യായീകരിക്കുന്നു. വാസ്തവത്തിൽ, സ്വതന്ത്രചിന്ത എന്നും ലിബറൽ മൂല്യങ്ങൾ എന്നും പേരിട്ടു എഴുന്നള്ളിക്കുന്ന ആർപ്പുവിളികൾ വെറും കപടമാണ്. സ്ത്രീയുടെ അനന്തരാവകാശത്തെ സംബന്ധിച്ചു ചില തല്പരകക്ഷികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് വ്യത്യസ്ത തുറകളിലുള്ള മത സാംസ്കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് പൊതു സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നസീർ വാവക്കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു.
സംശയ നിവാരണ സെക്ഷനിൽ സദസ്യരുടെ ചോദ്യങ്ങൾക്കു സജീർ ബുഖാരി മറുപടി നൽകി. അബ്ദുൽ മുനീർ കടുങ്ങല്ലൂർ സ്വാഗതവും എം.പി. അഹ്മദ് ശാക്കിർ നന്ദിയും പറഞ്ഞു. ഹുസൈൻ ബാഖവി പൊന്നാട് പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

