റിയാദിൽ പണമടയ്ക്കാതെയുള്ള വാഹന പാര്‍ക്കിങ് സംവിധാനത്തിന് തുടക്കമായി
text_fieldsറിയാദ്: നഗരത്തിൽ പണമടയ്ക്കാതെയുള്ള വാഹന പാര്‍ക്കിങ് സംവിധാനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. പൊതു പാർക്കിംഗ് ക്രമീകരിക്കുക, തിരക്ക് കുറയ്ക്കുക, വാണിജ്യ തെരുവുകളിൽ നിന്ന് വാഹനങ്ങൾ അടുത്തുള്ള റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സൗദി വിഷൻ 2030 ന്റെ ഭാഗമായിക്കൊടിയാണ് പുതിയ സംവിധാനം. റസിഡൻഷ്യൽ ഏരിയകളിലെ സ്ഥിരതാമസക്കാര്‍ ഫീസില്ലാതെയുള്ള പാർക്കിങ്ങിനായി തങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.
' നഫാത്ത്' ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 'റിയാദ് പാര്‍ക്കിങ്' ആപ്പിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതുവഴി ഫീസ് കൂടാതെ ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കുന്ന പുതിയ രീതിയാണ് നടപ്പിലാക്കുന്നത്. താമസക്കാരെ സന്ദർശിക്കാനെത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
തുടക്കത്തിൽ അൽ വുറുദ്, അൽ റഹ്മാനിയ, വെസ്റ്റേൻ അൽ ഒലയ, അൽ മുറൂജ്, കിങ് ഫഹദ്, സുലൈമാനിയ എന്നിവയുൾപ്പെടുന്ന 12 ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. നഗരത്തിനകത്തെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുന്നതിനും ലക്ഷ്യമിട്ട് റിയാദ് നഗരസഭക്ക് കീഴില്‍ റമാത് അൽറിയാദ് ഡെവലപ്‌മെന്റ് കമ്പനിയും എസ്.ടി.സിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങളുടെ പരിശോധനകളുമുണ്ടാകും. നഗരത്തിലുടനീളം വാഹന പാർക്കിങ്ങിനായി 1,40,000 ത്തിലധികം പണമടയ്ക്കാത്ത റെസിഡൻഷ്യൽ സ്‌പെയ്‌സുകളും 24,000 പണമടച്ചുള്ള വാണിജ്യ സ്‌പെയ്‌സുകളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

