സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ഇസ്മ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് റിയാദ് അൽ ഖലീജ്, ഇഷ്ബിലിയയിലെ ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തമുണ്ടായി. കെ.എം.സി.സിയുടെ മൂന്നുമാസം നീണ്ടുനിൽക്കുന്ന ‘പരിരക്ഷ 2025’ കാമ്പയിന്റെ ഭാഗമായാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്കായി ചികിത്സാ സൗകര്യമൊരുക്കിയതെങ്കിലും രണ്ടുദിവസത്തെ ക്യാമ്പ് ആയിരത്തോളം ആളുകൾ ഉപയോഗപ്പെടുത്തിയതായും ക്യാമ്പിൽ പങ്കെടുത്ത മുഴുവൻപേർക്കും ഒരു വർഷം സൗജന്യ ചികിത്സക്ക് ഉപകരിക്കുന്ന ഇസ്മ കെയർ പ്ലസ് കാർഡ് വിതരണം ചെയ്യുമെന്നും ഇസ്മ മെഡിക്കൽ സെന്ററിന്റെ മാനേജ്മെന്റ് അറിയിച്ചു.
എട്ടിൽപരം ബ്ലഡ് ടെസ്റ്റും സ്മാർട്ട് ബോഡി അനലൈസർ ബി.എം.ഐ ബോഡി ടെസ്റ്റും നേത്രവിദഗ്ധ ഡോക്ടറുടെയും ജനറൽ ഫിസിഷന്റയും പരിശോധനയുമടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ഡോ. അശ്വനി മോഹൻ, ഡോ. അഫ്സൽ അബ്ദുൽ അസീസ്, ഡോ. സുമി തങ്കച്ചൻ, ഡോ. മെഹ്വിഷ് ആസിഫ്, ഡോ. നമീറ സലീം എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പിലെ പരിശോധനകൾ നടന്നത്.
കെ.എം.സി.സിയുടെ 30ഓളം പ്രവർത്തകരും ഇസ്മ മെഡിക്കൽ സെന്റർ പാരാ മെഡിക്കൽ സ്റ്റാഫും മറ്റു ജീവനക്കാരും ക്യാമ്പ് നിയന്ത്രിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസ്മ മെഡിക്കൽ സെന്റർ എം.ഡി വി.എം. അഷ്റഫ്, ഓപ്പറേഷൻ ഡയറക്ടർ മുസാദ് അൽ ഹാർഥി, അബീർ സെയ്ഫാത്തി, ഫാഹിദ് ഹസ്സൻ, റഫീഖ് പന്നിയങ്കര, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, പ്രെഡിൻ അലക്സ്, കെ.എം.സി.സി ഭാരവാഹികളായ റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, യു.പി. നൗഷാദ്, നൗഫൽ തിരൂർ, ഷൗക്കത്ത് കടമ്പോട്ട്, ശുഹൈബ് പനങ്ങാങ്കര, ഉസ്മാൻ അലി പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

