രോഗികൾക്ക് സൗജന്യ ഭക്ഷണം; റൈസ് ബാങ്കും ടീം കാപിറ്റൽ സിറ്റിയും കൈകോർക്കുന്നു
text_fieldsറൈസ് ബാങ്ക്, ടീം കാപിറ്റൽ സിറ്റി ഭാരവാഹികൾ റിയാദിൽ വാർത്തസമ്മേളനത്തിൽ
റിയാദ്: കേരളത്തിലെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടെ ആഗോള മലയാളികളുടെ സമൂഹമാധ്യമ കൂട്ടായ്മയായ ‘ടീം കാപിറ്റൽ സിറ്റി’ റിയാദും പ്രമുഖ ഭക്ഷണ വിതരണ ചാരിറ്റി സംഘടനയായ റൈസ് ബാങ്കും കൈകോർക്കുന്നു.
തിരുവനന്തപുരം ആർ.സി.സി, ‘സാറ്റ്’ മെഡിക്കൽ കോളജ് തുടങ്ങി കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലും പരിസരത്തുമുള്ള രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകുക എന്ന ആശയമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇരു സംഘടനകളും സംയുക്തമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് ഇതിനകം തുടക്കം കുറിച്ചതായി സംഘടന പ്രതിനിധികൾ റിയാദിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംയുക്ത പദ്ധതിയുടെ തുടക്കത്തിൽ മാസംതോറും ആയിരത്തോളം രോഗികൾക്ക് ഭക്ഷണമെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. രോഗികൾക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതി കൃത്യമായി നടപ്പാക്കിവരുന്ന റൈസ് ബാങ്ക് ഇതിനകം 25,000ത്തോളം രോഗികൾക്ക് ഭക്ഷണം നൽകുകയുണ്ടായി. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ റൈസ് ബാങ്കിന്റെ പ്രവർത്തനമാണ് പദ്ധതിയുമായി സഹകരിക്കാൻ പ്രചോദനമായതെന്ന് ടീം കാപിറ്റൽ സിറ്റി ഭാരവാഹികൾ പറഞ്ഞു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ റൈസ് ബാങ്ക് ഫൗണ്ടർ ടി.വി.എസ്. സലാം, ടീം കാപിറ്റൽ സിറ്റി പ്രസിഡന്റ് മൻസൂർ ചെമ്മല, ബിൻയാമിൻ ബിൽറു (ട്രഷ), ഷമീർ പാലോട് (ജോയ. സെക്ര), ജംഷിദ് (വൈ. പ്രസി) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

