സൗജന്യ രക്തപരിശോധന ക്യാമ്പ് റിയാദിൽ മാർച്ച് 10ന്
text_fieldsസൗജന്യ രക്തപരിശോധന ക്യാമ്പ് സംഘാടകർ വാർത്തസമ്മേളനത്തിൽ
റിയാദ്: ആം ആദ്മി വെൽഫെയർ അസോസിയേഷൻ (ആവാസ്) റിയാദ് ഘടകവും ബത്ഹയിലെ ബദ്റുദ്ദീൻ പോളിക്ലിനിക്കും ചേർന്ന് സൗജന്യ രക്തപരിശോധന (എച്ച്.ബി.എ വൺ സി) ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 10ന് രാവിലെ എട്ടു മുതൽ 11 വരെയും ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെയും ബദ്റുദ്ദീൻ പോളിക്ലിനിക്കിലാണ് ക്യാമ്പ്. അവസാനത്തെ മൂന്നു മാസത്തെ ഒരാളുടെ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസ് (ഷുഗർ) ശരാശരി അളവ് എത്രയെന്ന് കൃത്യമായി രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനുള്ള ഏക മാർഗമായ പരിശോധനയാണ് എച്ച്.ബി.എ വൺ സി. 125 റിയാൽ മുതൽ 200 റിയാൽ വരെ ചെലവുള്ള പരിശോധന തീർത്തും സൗജന്യമായാണ് ക്യാമ്പിൽ നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ഇന്ത്യക്കാർക്കു മാത്രമാണ് സേവനം ലഭിക്കുക. ഡോക്ടർമാരുടെ ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടാകും.
കുറഞ്ഞ മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ ഈ പരിശോധനയുടെ പൂർണ ചെലവ് ഉൾപ്പെടാത്തതുകൊണ്ടാണ് സാധാരണക്കാർക്കുവേണ്ടി സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. നിരവധി സാധാരണക്കാർക്ക് അവരുടെ രക്തത്തിലടങ്ങിയ ഷുഗറിന്റെ അളവ് കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് ഭക്ഷണം നിയന്ത്രിച്ചും ജീവിതശൈലിയിൽ മാറ്റംവരുത്തിയും ജീവിതം ചിട്ടപ്പെടുത്താനും ഡോക്ടർമാരുടെ നിർദേശങ്ങൾക്കനുസരിച്ച് ആരോഗ്യം സംരക്ഷിക്കാനും ഭാവിയിലെ ഗുരുതര രോഗങ്ങളും പ്രത്യാഘാതങ്ങളും തടയാനും താങ്ങാനാവാത്ത ചികിത്സകളിൽനിന്നും മുക്തിനേടാനുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തസമ്മേളനത്തിൽ ആവാസ് സെൻട്രൽ കമ്മിറ്റി കൺവീനർ അസീസ് കടലുണ്ടി, ഫൗണ്ടർമാരായ അബ്ദുൽ മജീദ് തിരൂർ, ജലീൽ വള്ളിക്കുന്ന്, ബദ്റുദ്ദീൻ ക്ലിനിക് ഡോക്ടർമാരായ ഡോ. പ്രുധ്വി ഗദ്ദാം, ഡോ. തനൂറ ആലം, ഡോ. മൊയാദ് മഹ്ജോബ്, ഹെഡ് നഴ്സ് റിയ തെരേസ, ഹാരിസ് വടക്കേമണ്ണ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് 0532528262. രജിസ്ട്രേഷന് ഗൂഗ്ൾ ഫോറം പൂരിപ്പിച്ച് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

