സൗദിയിൽ 2.7 കോടി ആളുകൾക്ക് ‘അഡോബി’യുടെ സൗജന്യ എ.ഐ സേവനം
text_fieldsലീപ് മേളയിൽ ‘അഡോബി’യുടെ സൗജന്യ എഐ സേവനങ്ങളെ കുറിച്ച് പ്രഖ്യാപിക്കുന്ന ചടങ്ങിൽ സൗദി ആശയവിനിമയ വിവരസാങ്കേതിക മന്ത്രി എൻജി. അബ്ദുല്ല അൽസവാഹയും അഡോബി സി.ഇ.ഒ ശാന്തനു നാരായണനും
റിയാദ്: സൗദി അറേബ്യയിലെ സാധാരണക്കാരായ ആളുകൾക്കും കലാ-സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സുപ്രധാന പദ്ധതിയുമായി പ്രമുഖ ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ ‘അഡോബി’. സൗദി ആശയവിനിമയ വിവരസാങ്കേതിക മന്ത്രാലയവുമായും, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലുള്ള ‘ഹ്യൂമൈൻ’ കമ്പനിയുമായും ചേർന്നുള്ള തങ്ങളുടെ തന്ത്രപ്രധാന സഹകരണം അഡോബി കൂടുതൽ വിപുലീകരിച്ചു.
റിയാദിൽ നടക്കുന്ന ‘ലീപ് 2026’ അന്താരാഷ്ട്ര സാങ്കേതികവിദ്യ സമ്മേളനത്തിലാണ് 400 കോടി ഡോളറിലധികം (ഏകദേശം 33,000 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം പ്രതീക്ഷിക്കുന്ന ഈ വൻ പദ്ധതി പ്രഖ്യാപിച്ചത്. 2025 നവംബറിൽ നടന്ന സൗദി-യു.എസ് നിക്ഷേപ ഫോറത്തിൽ തുടക്കമിട്ട പങ്കാളിത്തത്തിെൻറ തുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനം.
ഈ കരാറിെൻറ പ്രധാന ആകർഷണം രാജ്യത്തെ സാധാരണക്കാർക്ക് ലഭിക്കുന്ന നേരിട്ടുള്ള ആനുകൂല്യങ്ങളാണ്. സൗദി അറേബ്യയിൽ കഴിയുന്ന 13 വയസ്സിന് മുകളിൽ പ്രായമുള്ള 2.7 കോടിയോളം വരുന്ന സ്വദേശികൾക്കും വിദേശികൾക്കും അഡോബിയുടെ അത്യാധുനിക എഐ സേവനങ്ങൾ പൂർണമായും സൗജന്യമായി ഉപയോഗിക്കാം.
ഇതിെൻറ ഭാഗമായി ‘അഡോബി ഫയർഫ്ലൈ സ്റ്റാൻഡേർഡ്’, ‘അഡോബി എക്സ്പ്രസ് പ്രീമിയം’ എന്നീ സേവനങ്ങൾ 2026 അവസാനത്തോടെ തുടർച്ചയായി 12 മാസത്തേക്ക് യാതൊരു പണവും നൽകാതെ തീർത്തും സൗജന്യമായി എല്ലാവർക്കും ലഭ്യമാകും. ഭാഷാപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ അഡോബി എക്സ്പ്രസിെൻറ കമ്പ്യൂട്ടർ, മൊബൈൽ (ഐ.ഒ.എസ്, വെബ്) പതിപ്പുകളിൽ ഇനിമുതൽ പൂർണമായി അറബിക് ഭാഷയിൽ പ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വലത്തുനിന്ന് ഇടത്തോട്ടുള്ള എഴുത്തുരീതി, പുതിയ ഫോണ്ടുകൾ, സൗദി സംസ്‌കാരം പ്രതിഫലിക്കുന്ന പ്രഫഷനൽ ഡിസൈൻ മാതൃകകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൗദിയുടെ പാരമ്പര്യവും പ്രാദേശിക സംസ്കാരവും കൃത്യമായി തിരിച്ചറിയുന്ന പുതിയൊരു എഐ ഇമേജ് മോഡലും അഡോബിയും ഹ്യൂമൈനും ചേർന്ന് ‘അഡോബി ഫയർഫ്ലൈ ഫൗണ്ട്രി’ അടിസ്ഥാനമാക്കി വികസിപ്പിക്കുന്നുണ്ട്.
അറബിക് ഭാഷയിൽ ലളിതമായാ പ്രോംപ്റ്റ് എഴുതി നൽകിയാൽ, സൗദി തനിമയുള്ള ഉയർന്ന ഗുണനിലവാരമുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിർമിച്ചെടുക്കാൻ ഇതിലൂടെ സാധിക്കും. സൗദിയിൽ വികസിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ പിന്നീട് ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ സംരംഭകർക്കും വിദ്യാർത്ഥികൾക്കും വലിയ അവസരങ്ങളാണ് ഈ പദ്ധതി തുറന്നുനൽകുന്നത്. രാജ്യത്തെ ‘ഫ്യൂച്ചർ സ്കിൽസ്’ പദ്ധതിയുമായി സഹകരിച്ച് ‘അഡോബി ഡിജിറ്റൽ അക്കാദമി’ വഴി ഡിസൈനിങ്, മാർക്കറ്റിങ്, എഐ മേഖലകളിൽ പ്രായോഗിക സൗജന്യ പരിശീലനങ്ങൾ നൽകും.
ഇതിനുപുറമെ, ഡിജിറ്റൽ എൻറർപ്രണർഷിപ്പ് സെൻറർ, ‘ദി ഗാരേജ്’ എന്നീ സ്ഥാപനങ്ങളിലെ പുതിയ ബിസിനസ്സുകൾക്കും സ്റ്റാർട്ടപ്പുകൾക്കും 2027 ആരംഭം മുതൽ ഒരു വർഷത്തേക്ക് അഡോബിയുടെ പ്രധാന ക്രിയേറ്റീവ് ടൂളുകളും വിദഗ്ദ്ധ പരിശീലനവും സൗജന്യമായി ലഭ്യമാക്കും.
രാജ്യത്തെ ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും എഐ സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കാനുമാണ് ഈ പദ്ധതിയെന്ന് സൗദി ആശയവിനിമയ വിവരസാങ്കേതിക മന്ത്രി എൻജി. അബ്ദുല്ല അൽസവാഹയും അഡോബി സി.ഇ.ഒ ശാന്തനു നാരായണനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

