'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022' സെപ്റ്റംബർ ഒന്നു മുതൽ
text_fieldsഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികൾ ജിദ്ദയിൽ
വാർത്തസമ്മേളനത്തിൽ
ജിദ്ദ: കോവിഡ് മഹാമാരിക്കുശേഷം ലോകം പുതിയ രീതിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കോവിഡ് സൃഷ്ടിച്ച ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച ജനസമൂഹം എന്നനിലക്ക് പ്രവാസി സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരികെ കൊണ്ടുവരുകയും പുതിയ രീതിക്കൊപ്പം സഞ്ചരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദയിൽ 'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022' സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ 30വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വിവിധ കലാ, കായിക, വിദ്യാഭ്യാസ പരിപാടികൾ നടക്കും. വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ യോജിച്ച രീതിയിൽ ഫുട്ബാൾ, വടംവലി, ക്രിക്കറ്റ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും പാരന്റിങ്, കരിയർ ഗൈഡൻസ് ക്ലാസുകൾ, കൾചറൽ ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുക. കോവിഡ് കാരണം കുടുംബാംഗങ്ങളും കൂടെയുള്ളവരുമായ ഉറ്റവർ നഷ്ടപ്പെട്ട നിരവധി പേർ ഇനിയും അത്തരം കാര്യങ്ങളിൽ നിന്നും പരിപൂർണമായി മുക്തരായിട്ടില്ല.
കോവിഡ് മഹാമാരിക്ക് മുമ്പ് 45 മിനിറ്റ് വരെ ശ്രദ്ധാപൂർവം ക്ലാസിലിരുന്ന് പാഠങ്ങൾ ശ്രദ്ധിച്ചിരുന്ന വിദ്യാർഥികൾ ഇന്ന് 10 മിനിറ്റ് പോലും പഠിക്കാനിരിക്കാൻ തയാറാകുന്നില്ല. ഇത്തരം പ്രതിസന്ധി കുട്ടികളെ മാത്രമല്ല, അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും കൂടി സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇതിൽനിന്ന് വീണ്ടും പൂർവ ആരോഗ്യകരമായ മാനസികാവസ്ഥയിലേക്കും ശാരീരികാവസ്ഥയിലേക്കും വിദ്യാർഥി സമൂഹത്തെയും പൊതു സമൂഹത്തെയും തിരിച്ചുകൊണ്ടുവരുക എന്ന നിലയിലാണ് ഈ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.
നേരത്തേ 2019ലും വൻ ജനപങ്കാളിത്തത്തോടെ ഫ്രറ്റേണിറ്റി ഫെസ്റ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞതായും ഈ വർഷവും പ്രവാസി സമൂഹത്തിന്റെ പൂർണ പിന്തുണ ആവശ്യപ്പെടുന്നതായും അവർ അറിയിച്ചു. റീജനൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ, സെക്രട്ടറി ഹാരിസ് മംഗലാപുരം, കേരള ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദാലി കൂന്തള, സെക്രട്ടറി ഷാഹുൽ ഹമീദ് ചേലക്കര, നോർത്തേൺ സെക്രട്ടറി ജാവേദ് ലഖ്നോ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

