ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി കൈമാറുന്നതിന്റെ നാലാം ഘട്ടം ആരംഭിച്ചു
text_fieldsറിയാദ്: ഗാർഹിക തൊഴിലാളികൾക്കുള്ള ഇലക്ട്രോണിക് ശമ്പള കൈമാറ്റ സേവനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചു. അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഗാർഹിക തൊഴിലാളികളുടെ ശമ്പള കൈമാറ്റം ആരംഭിച്ചത് ഗാർഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഗുണപരമായ നടപടിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
നാലാം ഘട്ടത്തിൽ രണ്ടോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെ ഉൾപ്പെടുത്തും. മുമ്പത്തെ ഘട്ടങ്ങളുടെ തുടർച്ചയാണിത്. 2026 ജനുവരി ഒന്ന് ഓടെ എല്ലാ ഗാർഹിക തൊഴിലാളികളിലേക്ക് സേവനം പൂർണ്ണമായും വ്യാപിപ്പിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
ശമ്പള വിതരണ പ്രക്രിയകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴിയുള്ള ഇലക്ട്രോണിക് ശമ്പള കൈമാറ്റ സേവനം എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ വാലറ്റുകൾ, ബാങ്കുകൾ തുടങ്ങിയ ഔദ്യോഗിക മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ് ഇത് കൈവരിക്കാനാകുന്നത്. ഇത് എല്ലാ കക്ഷികൾക്കും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്യുന്നു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗാർഹിക തൊഴിൽ മേഖല മേഖല വികസിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നുവെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
ഈ സേവനം നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച് തൊഴിലാളികളുടെ ശമ്പളം പതിവായി നൽകുന്നത് രേഖപ്പെടുത്തുക, കരാർ ബന്ധം അവസാനിപ്പിക്കുമ്പോഴോ തൊഴിലാളിയുടെ യാത്രയിലോ നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുക, തൊഴിലാളിയുടെ മാതൃരാജ്യങ്ങളിലെ കുടുംബങ്ങൾക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ എളുപ്പത്തിലും സുരക്ഷിതമായും ശമ്പളം കൈമാറാൻ പ്രാപ്തമാക്കുക എന്നിവ നേട്ടങ്ങളിലുൾപ്പെടും.
ഇത് സുതാര്യത വർധിധിപ്പിക്കുകയും തൊഴിലാളിക്കും തൊഴിലുടമയ്ക്കും നിയന്ത്രണ ഗ്യാരണ്ടികൾ ഏകീകരിക്കുകയും ചെയ്യുന്നു. തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഗുണഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമതയും സുതാര്യതയും വർധിധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും ‘മുസാനിദ്’ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോമേറ്റഡ് സേവനങ്ങൾ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

