സൗദിയിൽ പുതിയ നാല് എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി
text_fieldsറിയാദ്: നാല് പുതിയ എണ്ണ, വാതക പാടങ്ങൾ സൗദി അറേബ്യയിൽ കണ്ടെത്തിയതായി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. സൗദി അരാംകോയാണ് കിഴക്കൻ പ്രവിശ്യയിലെ ദഹ്റാെൻറ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽറീഷ്, മിനഹസ് എന്നീ പ്രദേശങ്ങളിൽ പുതിയ നിക്ഷേപങ്ങൾ കണ്ടെത്തിയത്. അൽറീഷിൽ നിലവിൽ ഒരു എണ്ണക്കിണറുണ്ട്. ഇപ്പോൾ സ്ഥാപിച്ച രണ്ടാമത്തെ എണ്ണക്കിണറിൽനിന്ന് പ്രതിദിനം 4452 ബാരൽ അസംസ്കൃത എണ്ണയും 32 ലക്ഷം ക്യുബിക് അടി പ്രകൃതി വാതകവും ഖനനം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഈ പ്രദേശത്തെ എണ്ണനിക്ഷേപത്തിെൻറ തോതറിയാൻ അരാംകോ രണ്ട് എണ്ണക്കിണറുകൾകൂടി കുഴിച്ചിട്ടുണ്ട്.
ഇതിൽ മൂന്നാമത്തെ കിണറിൽനിന്ന് പ്രതിദിനം 2745 ബാരൽ ക്രൂഡ് ഒായിലും 30 ലക്ഷം ക്യുബിക് അടി വാതകവുമാണ് ഖനനം ചെയ്യാനായത്. നാലാമത്തെ കിണറിൽനിന്ന് പ്രതിദിനം 3654 ബാരൽ എണ്ണയും 16 ലക്ഷം ക്യുബിക് അടി വാതകവും ഉൽപാദിപ്പിക്കും.
മിനഹസ് എണ്ണപ്പാടത്തെ സാറഹ്, അൽസഹ്ബ കിണറുകളിലാണ് പ്രകൃതി വാതകം കണ്ടെത്തിയത്. ഇവിടെനിന്ന് പ്രതിദിനം 18 ദശലക്ഷം ക്യുബിക് അടി വാതകവും 98 ബാരൽ എണ്ണയും ഖനനം ചെയ്യും. 32 ദശലക്ഷം വാതകം ഖനനം ചെയ്യാനുള്ള ശേഷി അൽസഹ്ബ കിണറിനുണ്ടെന്ന് കണക്കാക്കുന്നു. വടക്കൻ അതിർത്തി മേഖലയിലെ റഫ പട്ടണത്തിനു സമീപമുള്ള അജ്റമിയ എണ്ണപ്പാടത്തെ കിണറിന് ദിനംപ്രതി 3850 ബാരൽ എണ്ണ ഉൽപാദിക്കാനുള്ള ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

