ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരത്തിന് ജിദ്ദയിൽ തുടക്കം
text_fieldsഎസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരം ജിദ്ദ കോർണിഷ് സർക്യൂട്ടിൽ ആരംഭിച്ചപ്പോൾ
ജിദ്ദ: എസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരം ജിദ്ദ കോർണിഷ് സർക്യൂട്ടിൽ ആരംഭിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച മത്സരം ഞായറാഴ്ച അവസാനിക്കും. മത്സരത്തിന്റെ ഒന്നും രണ്ടും സൗജന്യ പരിശീലന സെഷനുകളിൽ ലോക ചാമ്പ്യനും ഓവറോൾ ലീഡറുമായ ഡച്ച് താരം മാക്സ് വെർസ്റ്റാപ്പൻ ഏറ്റവും വേഗമേറിയ സമയം രേഖപ്പെടുത്തി. ഫോർമുല വൺ കാറോട്ട മത്സരത്തിലെ ഏറ്റവും വേഗമേറിയതും ദൈർഘ്യമേറിയതുമായ ട്രാക്കിൽ മാക്സ് വെർസ്റ്റാപ്പന് തെൻറ മെക്സിക്കൻ സഹതാരം സെർജിയോ പെരസിനെക്കാൾ വേഗമേറിയ സമയം കൈവരിക്കാൻ കഴിഞ്ഞു.
ആസ്റ്റൺ മാർട്ടിന്റെ സ്പാനിഷ് ഡ്രൈവർ ഫെർണാണ്ടോ അലോൻസോ മൂന്നാം സ്ഥാനത്തെത്തി. സ്റ്റാൻഡിങ്ങിൽ നാലാമനായ കനേഡിയൻ സഹതാരം ലാൻസ് സ്ട്രോളിനെയാണ് പരാജയപ്പെടുത്തിയത്. മൂന്നാം തവണയാണ് സൗദിയിൽ ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്നത്.