ജിദ്ദ, മദീന മുൻ ഒ.ഐ.സി.സി നേതാക്കളും മത്സരത്തിന്
text_fieldsകെ.എം. ശരീഫ് കുഞ്ഞു, റസാക്ക് കടവിൽ, മണലുവട്ടം സനോഫർ, തൊണ്ടിയോത്ത് കോയക്കുട്ടി, കുണ്ടുകാവിൽ സൈനുദ്ദീൻ, നീലേങ്ങാടൻ അബ്ദുൽ ഷുക്കൂർ, ജിംഷാദ് കാളികാവ്, മുജീബ് മുല്ലപ്പള്ളി, റിയാസ് താജുദ്ദീൻ, നിഷാദ് അസീസ്
ജിദ്ദ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൊടിപൊടിക്കുമ്പോൾ സ്ഥാനാർഥികളിൽ മുൻ ഒ.ഐ.സി.സി നേതാക്കളും. ജിദ്ദയിലും മദീനയിലുമായി ഒ.ഐ.സി.സി നേതൃത്വത്തിൽ ഉണ്ടായിരുന്നവരാണ് വിവിധയിടങ്ങളിൽ മത്സരരംഗത്തുള്ളത്. ഇതിൽ ഏറ്റവും ശ്രദ്ധേയം മുൻ ഗ്ലോബൽ സെക്രട്ടറിയും വെസ്റ്റേൺ റീജനൽ കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന കെ.എം. ശരീഫ് കുഞ്ഞുവിെൻറ സ്ഥാനാർഥിത്വമാണ്.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത് വാർഡ് എട്ടിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ജിദ്ദ പാലക്കാട് മുൻ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന റസാക്ക് കടവിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് കൂറ്റനാട് ഡിവിഷനിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
ജിദ്ദ കൊല്ലം ജില്ലാ മുൻ പ്രസിഡൻറായിരുന്ന മണലുവട്ടം സനോഫർ ഇട്ടിവ ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നു.
ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അംഗമായിരുന്ന തൊണ്ടിയോത്ത് കോയക്കുട്ടി വാഴയൂർ പഞ്ചായത്ത് 10ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ്. 15 വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്ന മൂന്ന് മാസം മുമ്പ് മടങ്ങിയ കുണ്ടുകാവിൽ സൈനുദ്ദീൻ കരുവാരകുണ്ട് പഞ്ചായത്തിൽ നാലാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
ജിദ്ദ പോരൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്ന നീലേങ്ങാടൻ അബ്ദുൽ ഷുക്കൂർ പോരൂർ പഞ്ചായത്തിലെ 10ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ശറഫിയ കമ്മിറ്റി അംഗമായിരുന്ന ജിംഷാദ് കാളികാവ് പഞ്ചായത്ത് 20ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ്. എടരിക്കോട് പഞ്ചായത്ത് നാലാം വാർഡിൽ ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർഥി മുജീബ് മുല്ലപ്പള്ളിയും ജിദ്ദ ഒ.ഐസിസി പ്രവർത്തകനായിരുന്നു.
ജിദ്ദ കാർ ഹറാജ് ഏരിയ കമ്മിറ്റി അംഗമായിരുന്ന റിയാസ് താജുദ്ദീൻ പരവൂർ നഗരസഭയിലെ 19ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
മദീന കമ്മിറ്റിയിലെ മുൻ വെൽഫയർ സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്ന നിഷാദ് അസീസ് കൊല്ലം ജില്ലയിലെ കരീപ്ര ഗ്രാമ പഞ്ചായത്തിലെ തളവൂർകോണം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

