നവോദയ മുൻ ജോയന്റ് സെക്രട്ടറി രാജേന്ദ്രൻ നായരെ അനുസ്മരിച്ചു
text_fieldsനവോദയ കേന്ദ്ര കമ്മിറ്റി അംഗം അനിൽ പിരപ്പൻകോട് രാജേന്ദ്രൻ നായരെ അനുസ്മരിക്കുന്നു
റിയാദ്: നവോദയ കലാസാംസ്കാരിക വേദി സ്ഥാപക ഭാരവാഹികളിൽ ഒരാളായിരുന്ന രാജേന്ദ്രൻ നായരുടെ ചരമവാർഷികത്തിൽ സഹപ്രവർത്തകർ അദ്ദേഹത്തെ അനുസ്മരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2015ലാണ് അദ്ദേഹം മരണപ്പെട്ടത്.
സൗദി ബ്രിട്ടീഷ് ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. നവോദയയുടെ ജോയന്റ് സെക്രട്ടറി, സാംസ്കാരിക കമ്മിറ്റി ചെയർമാൻ, ബത്ഹ ഏരിയ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാടക നടൻ കൂടിയായിരുന്ന രാജേന്ദ്രൻ നവോദയയുടെ തീപ്പൊട്ടൻ, തട്ടകം നാടകവേദിയുടെ ടിപ്പു സുൽത്താൻ തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അനുസ്മരണ യോഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു.
രാജേന്ദ്രൻ നായരും അദ്ദേഹത്തിന്റെ കുടുംബവും സംഘടനക്ക് നൽകിയ സംഭാവനകളെ കുറിച്ച് സുധീർ അനുസ്മരിച്ചു. ബാബുജി, അനിൽ പിരപ്പൻകോട്, ഷൈജു ചെമ്പൂര്, ഹാരിസ്, അബ്ദുൽ കലാം, ജയ്ജിത്ത്, പൂക്കോയ തങ്ങൾ, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. യോഗത്തിൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും അനിൽ മണമ്പൂര് നന്ദിയും പറഞ്ഞു.