വി.എസിന്റെ വിയോഗത്തിൽ തേങ്ങി പ്രവാസലോകവും
text_fieldsറിയാദ്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ നേതാവും സമരപോരാട്ടങ്ങളുടെ കനൽവഴികളിലെ വിപ്ലവ നക്ഷത്രവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ നൊമ്പരപ്പെട്ട് പ്രവാസലോകവും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വിയോഗ വാർത്ത എത്തിയത് മുതൽ പ്രവാസികളെല്ലാം ചാനലുകൾക്ക് മുന്നിൽ തിരുവനന്തപുരത്തുനിന്നുള്ള തത്സമയ സംപ്രേഷണം കാണുന്നതിൽ ശ്രദ്ധയുറപ്പിച്ചു. മാധ്യമങ്ങളിലേക്കും സമൂഹമാധ്യമങ്ങളിലേക്കും വ്യക്തികളിലും പ്രവാസി കൂട്ടായ്മകളിലുമെല്ലാംനിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിച്ചുകൊണ്ടിരുന്നു.
പ്രവാസി വെൽഫെയർ
അൽഖോബാർ: അടിമുടി ജനകീയനായ രാഷ്ട്രീയക്കാരനായിരുന്നു അന്തരിച്ച വി.എസ് അച്യുതാനന്ദൻ എന്ന് പ്രവാസി വെൽഫെയർ അൽഖോബാർ റീജ്യൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. രാഷ്ട്രീയ കേരളത്തിന് അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത വിടവ് സൃഷ്ടിക്കും. അഴിമതിയെയും അധികാരപ്രമത്തതയെയും എതിർത്ത പോരാളിയായ അദ്ദേഹം, സുതാര്യതയും നീതിയും ഉയർത്തിപ്പിടിച്ച ഭരണകർത്താവായാണ് ജനങ്ങൾക്ക് അനുഭവപ്പെട്ടത്.
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിലും അദ്ദേഹം കാഴ്ചവെച്ച പ്രവർത്തനങ്ങൾ കേരള രാഷ്ട്രീയത്തിൽ അതുല്യമാണ്. കറപറ്റാത്ത രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി വി.എസ് ജനമനസിൽ എന്നും ജ്വലിച്ചുനിൽക്കുമെന്ന് കമ്മിറ്റി വൈസ് പ്രസിഡന്റ് താഹിറ സജീർ അനുശോചന പ്രസ്താവനയിൽ പറഞ്ഞു.
നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകം -റിയാദ് ഒ.ഐ.സി.സി
റിയാദ്: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വി.എസ്. ദുരിതജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയദാർഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികൾക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം.
പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒപ്പം പാര്‍ട്ടിക്കുള്ളിലും വി.എസിന് പട നയിക്കേണ്ടി വന്നിട്ടുണ്ട്. വിഭാഗീയതയുടെ ചരിത്രമേറെയുള്ള സി.പി.എമ്മില്‍ അതിന്റെ ഒരു ഭാഗത്ത് വി.എസ്. എപ്പോഴുമുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത കൊടികുത്തി നിന്നപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവുണ്ടെന്ന തോന്നല്‍ ഇടപെടലുകളിലൂടെ ഏതൊരാള്‍ക്ക് നല്‍കാനും വി.എസിനായി.
നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെ കേരള രാഷ്ട്രീയത്തെ ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വി.എസ് എന്ന തൊഴിലാളി നേതാവ് ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറാൻ കഴിഞ്ഞു. പാർട്ടി സീറ്റ് നിഷേധിച്ചപ്പോഴും പരിഹസിച്ചപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും തന്റെ വിപ്ലവ വീര്യം ഒട്ടും ചോരാതെ കയ്യൂർ, കരിവള്ളൂർ സമരപോരാട്ടങ്ങളുടെ ധീരസ്മരണകൾ ഓർമിച്ചുകൊണ്ട് തന്റെ പ്രതിയോഗികൾക്ക് മറുപടികൾ നൽകിയും രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴും യുവത്വത്തോടെ വി.എസ് എന്ന ധീര വിപ്ലവ പേരാളിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു എന്നത് നമ്മൾ ഈ സമയത്ത് ഓർക്കണമെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജീവിതം പോരാട്ടമാക്കിയ നേതാവ് –സൗദി ഐ.എം.സി.സി
റിയാദ്: വി.എസ്. അച്യുതാനന്ദന്റെ വിയോഗം എളിമയാർന്ന ജീവിത ചുറ്റുപാടിൽനിന്ന് പോരാട്ടത്തിന്റെ ഔന്നത്യം താണ്ടിയ ഒരു അപൂർവ നേതാവിന്റെ വൻ നഷ്ടമാണെന്ന് സൗദി ഐ.എം.സി.സി. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്വിതിയനായ വി.എസ് ഒരു കാലഘട്ടത്തിന്റെ പോരാട്ടഗാഥയാണ് ജീവിതത്തിലൂടെ കാണിച്ചുതന്നത്.
പുന്നപ്ര, വയലാറിന്റെ മണ്ണിൽനിന്ന് വിപ്ലവ ഊർജം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ് വഴിത്താരകളെ ജ്വലിപ്പിച്ച പ്രതിബദ്ധത മുറുകെ പിടിച്ച തൊഴിലാളിവർഗത്തിന്റെയും അധഃസ്ഥിതരുടെയും പടനായകനായിരുന്നു വി.എസ്. കേരള ഭരണത്തിന് നേതൃത്വം കൊടുത്ത കാലഘട്ടം അദ്ദേഹത്തിന്റെ ഉറച്ച കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരുന്നു. കേരളത്തിന് പൊതുവെയും ഇടതുമുന്നണിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും സൗദി ഐ.എം.സി.സി സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിന് നൂറ്റാണ്ടിലെ സമരനായകനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രസിഡന്റ് സായിദ് കള്ളിയത്, ജനറൽ സെക്രട്ടറി ഹനീഫ് അറബി എന്നിവർ സായുക്ത പ്രസ്താവനയിൽ പറഞ്ഞു.
പി.എം.എഫ്
റിയാദ്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) അനുശോചിച്ചു. കേരളത്തിന്റെ വികസന താല്പര്യങ്ങൾക്കായും സാമൂഹിക ഉന്നമനത്തിനായും പ്രവർത്തിച്ച നേതാവായിരുന്നു വി.എസ് എന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കൃപ
റിയാദ്: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) അനുശോചിച്ചു.
സംസ്ഥാനത്തിന്റെ പുരോഗതിക്കും അടിസ്ഥാന വികസനത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പോരാടിയ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
നവോദയ യാംബു ഏരിയ കമ്മിറ്റി
യാംബു: പാവങ്ങളുടെ പടനായകൻ, തൊഴിലാളി വർഗത്തിന്റെ അനിഷേധ്യനായ നേതാവ് വി.എസ്. അച്യുതാനന്ദൻ വിട പറഞ്ഞിരിക്കുന്നു. സമാനതകളില്ലാത്ത സമരജീവിതത്തിന്, ധീരനായ വഴിവിളക്കിന്, കരുത്തനായ ഭരണാധികാരിക്ക് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

