ജിസാനിൽ ഫോറസ്റ്റ് റിസർച്ച് ഹെഡ്ക്വാട്ടേഴ്‌സിന് തറക്കല്ലിട്ടു
text_fieldsജിസാൻ: ജിസാനിൽ ഫോറസ്റ്റ് റിസർച്ച് ഹെഡ്ക്വാട്ടേഴ്‌സ് നിർമാണ പദ്ധതിക്ക് മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് തറക്കല്ലിട്ടു. ഡെപ്യൂട്ടി ഗവർണർ അമീർ നാസർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജലവിയുടെ സാന്നിധ്യത്തിൽ ജിസാൻ ഗവർണറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ സസ്യജാലങ്ങളുടെ വികസനത്തിനും മരുഭൂമീകരണം തടയുന്നതിനുമുള്ള ദേശീയ കേന്ദ്രം സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ സ്വാലിഹ് അൽഅയാദയും പരിസ്ഥിതി മേഖലയിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
കണ്ടൽകാടുകൾ, വന്യമരങ്ങൾ, മലയോര-തീരദേശ വൃക്ഷങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വനവൃക്ഷങ്ങളിൽ പ്രത്യേക ഗവേഷണങ്ങളും പഠനങ്ങളും വികസിപ്പിക്കലാണ് 46.7 ദശലക്ഷത്തിലധികം റിയാൽ ചെലവുവരുന്ന ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിത്ത് സംരക്ഷണം, മുളപ്പിക്കൽ, രോഗാവസ്ഥകളെക്കുറിച്ചും മരങ്ങളുടെ ജനിതക വിശേഷതകളെക്കുറിച്ചുമുള്ള പഠനം, കാർബൺ അനുബന്ധ പഠനങ്ങൾക്കുള്ള പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സസ്യജാലങ്ങളുടെ വികസനം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് ഇത് സംഭാവന നൽകും.
ആകെ 33,246 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ അഡ്മിനിസ്ട്രേറ്റീവ് ആന്റ് റിസർച്ച് കെട്ടിടം, സ്പെഷ്യലൈസ്ഡ് ലാബ് കെട്ടിടം, സന്ദർശകർക്കായുള്ള കേന്ദ്രം എന്നിവക്ക് പുറമേ സേവന ഏരിയയും ഒരു ഇക്കോ പാർക്കും ഉൾപ്പെടുന്നു. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി ഗവേഷണ സംവിധാനം വികസിപ്പിക്കുന്നതിനും വനങ്ങളുടെ സംരക്ഷണവും വികസനവും ഉറപ്പാക്കുന്നതിനുമുള്ള സസ്യജാലങ്ങളുടെ വികസനത്തിനും മരുഭൂമീകരണം തടയുന്നതിനുമുള്ള ദേശീയ കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

