സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; പുതിയ നിയമം പ്രാബല്യത്തിൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക ചരിത്രത്തിൽ നിർണായക നാഴികക്കല്ലാകാൻ പോകുന്ന പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച (ജനു. 22) മുതൽ, സൗദി പൗരന്മാരല്ലാത്തവർക്കും രാജ്യത്ത് വസ്തുവകകൾ സ്വന്തമാക്കാൻ നിയമപരമായ അനുമതി ലഭിച്ചു. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപ്ലവകരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2025 ജൂലൈ എട്ടിന് ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശികൾക്ക് ഭൂമി വാങ്ങാൻ അനുമതി നൽകുന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. എണ്ണയിതര ജിഡിപി വർധിപ്പിക്കുക, ലോകമെമ്പാടുമുള്ള വൻകിട നിക്ഷേപകരെയും കമ്പനികളെയും ആകർഷിക്കുക എന്നിവയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
സൗദി റിയൽ എസ്റ്റേറ്റ് വിപണിയെ ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മൂലധനം ഒഴുകുന്ന ആഗോള നിക്ഷേപ മേഖലയാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര ഡെവലപ്പർമാരുടെ വരവോടെ റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക, ടൂറിസം മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള പദ്ധതികളിലൂടെ ഗുണനിലവാരമുള്ള വികസനം ഉറപ്പാക്കുക, റിയൽ എസ്റ്റേറ്റ് വികസനം, സേവന മേഖലകൾ എന്നിവയിൽ സ്വദേശികൾക്കായി കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ.
റിയാദ്, ജിദ്ദ എന്നീ നഗരങ്ങളെ ആഗോള സാമ്പത്തിക-വാണിജ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് പുതിയ സംവിധാനം പ്രത്യേക ശ്രദ്ധ നൽകുന്നു. ഈ വർഷം ആദ്യ പാദത്തിൽ തന്നെ ‘ഉടമസ്ഥാവകാശത്തിനായുള്ള ഭൂമിശാസ്ത്ര മേഖല രേഖ’ വഴി വിദേശികൾക്ക് ഭൂമി വാങ്ങാൻ സാധിക്കുന്ന പ്രത്യേക സ്ഥലങ്ങൾ പ്രഖ്യാപിക്കും.
മക്കയിലും മദീനയിലും നിയന്ത്രണം
വിദേശികൾക്ക് ഭൂമി വാങ്ങാൻ അനുമതിയുണ്ടെങ്കിലും വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും കർശന നിയന്ത്രണങ്ങൾ തുടരും. ഇവിടങ്ങളിലെ സ്വത്ത് ഉടമസ്ഥാവകാശം രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‍ലിം വ്യക്തികൾക്കും, സൗദി പൗരന്മാരുടെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യ, ഈ പുതിയ നിയമ നിർമാണത്തിലൂടെ ആഗോള നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതവും ലാഭകരവുമായ വിപണിയായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

