സൗദിയിൽ വിദേശികൾക്ക് ഭൂമി വാങ്ങാം; ഇളവ് ജനുവരി മുതൽ
text_fieldsജിദ്ദ: രാജ്യത്ത് വിദേശികൾക്ക് ഭൂമി വാങ്ങുന്നതിന് ഇളവുമായി നിയമ ഭേദഗതി. വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ ഉടമസ്ഥാവകാശ നിയമ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള നിയമനിർമാണങ്ങളുടെ ഭാഗമാണിതെന്ന് മുനിസിപ്പൽ ഭവനകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. ഇതോടെ, റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിലെ നിർദിഷ്ട മേഖലകളിൽ പ്രത്യേക നിബന്ധനയോടെ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാനാവും.
പൗരതാൽപര്യവും വിപണി നിയന്ത്രണവും സന്തുലിതാവസ്ഥയും സൃഷ്ടിക്കുന്നതാണ് നിയമമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകരിൽനിന്നും റിയൽ എസ്റ്റേറ്റ് കമ്പനികളിൽനിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം നേടുകയും അവരുടെ ഭൂലഭ്യത ഉറപ്പിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദേശ റിയൽ എസ്റ്റേറ്റ് ഉടമസ്ഥർക്കുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു. ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റായിരിക്കും പ്രത്യേക മേഖലകൾ നിർദേശിക്കുക. വിദേശികൾക്ക് സൗദിയിൽ ഭൂമി വാങ്ങാനുള്ള നിയമം നടപ്പാക്കുന്നതിനുള്ള നിർവഹണ ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യും.
തുടർന്നത് 180 ദിവസത്തിനുള്ളിൽ ‘ഇസ്തിലാഅ്’ എന്ന പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കും. 2026 ജനുവരിയിലാണ് നിയമം നടപ്പാവുക. സാമ്പത്തിക- സാമൂഹിക മാനങ്ങൾ കണക്കിലെടുത്ത് ഉടമസ്ഥാവകാശത്തിനുള്ള നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വിശദാംശങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രീമിയം റെസിഡൻസി സിസ്റ്റത്തിലെ വ്യവസ്ഥകൾ, അംഗരാജ്യങ്ങളിലെ ജി.സി.സി പൗരന്മാർക്ക് റെസിഡൻഷ്യൽ, നിക്ഷേപ ആവശ്യങ്ങൾക്കായി റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം വ്യവസ്ഥാപിതമാക്കൽ, റിയൽ എസ്റ്റേറ്റ് ഉടമസ്ഥതക്കും മറ്റു സ്വത്തവകാശങ്ങൾക്കും സൗദികളല്ലാത്തവർക്ക് പ്രത്യേകാവകാശങ്ങൾ നൽകുന്ന മറ്റു നിയന്ത്രണങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതാണ് നിയമ ഭേദഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

