വിദേശ സന്ദർശകർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാം -സൗദി സെൻട്രൽ ബാങ്ക്
text_fieldsറിയാദ്: വിദേശ സന്ദർശകർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക് (സാമ). ആഭ്യന്തര മന്ത്രാലയം നൽകുന്ന ‘സന്ദർശക ഐ.ഡി’ ഉപയോഗിച്ച് ഇനി ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്ന് സാമ അറിയിച്ചു.
സൗദിയിലെ ബാങ്കുകളിലെ അക്കൗണ്ട് തുറക്കുന്നതിനുള്ള നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമാണിത്. ‘വിസിറ്റർ ഐ.ഡി’ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരിഗണിക്കുമെന്നും, ഇത് അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പരിശോധിക്കാൻ കഴിയുമെന്നും സാമ വ്യക്തമാക്കി.
ഈ നീക്കം രാജ്യത്തെ പുതിയ ഉപഭോക്തൃ വിഭാഗങ്ങളെ സേവിക്കാൻ ബാങ്കുകളെ സഹായിക്കുമെന്നും, സന്ദർശകർക്ക് അവരുടെ സൗദിയിലെ താമസം കൂടുതൽ സുഗമമാക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.
ബാങ്കിങ് നടപടിക്രമങ്ങൾ ലളിതമാക്കുക, സാമ്പത്തിക രംഗത്തെ ഉൾക്കാഴ്ച വർധിപ്പിക്കുക, സാമ്പത്തിക സേവനങ്ങളിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. നിയമപരമായ മാറ്റങ്ങൾക്ക് അനുസൃതമായി അക്കൗണ്ട് നിയമങ്ങൾ സാമ പതിവായി അവലോകനം ചെയ്യാറുണ്ടെന്നും പുതിയ നീക്കം സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി യോജിക്കുന്നതാണെന്നും സമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

