ഹൂതി ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം
text_fieldsറിയാദ്: രാജ്യത്തിെൻറ തെക്കൻ മേഖലയിലെ അബഹ, ഖമിസ് മുശൈത്ത്, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിൽ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതി ഭീകരസംഘം നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 73 സാധാരണക്കാർക്ക് ഈ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമെ, ചെങ്കടലിലെ കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. അന്താരാഷ്രട സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്ന ഈ നടപടിയെയും മന്ത്രാലയം അപലപിച്ചു.
യമെൻറയും അറബ്-ഇസ്ലാമിക ലോകത്തിെൻറയും സുരക്ഷയെയും സ്ഥിരതയെയും ഹൂതി ഭീകരർ നിരന്തരം ഭീഷണിപ്പെടുത്തുന്നതിലും സമാധാന ശ്രമങ്ങളെ അവർ തുടർച്ചയായി തള്ളിക്കളയുന്നതിലും സൗദി അറേബ്യ ശക്തമായി പ്രതിഷേധിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സമ്പത്തുകൾ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം സൗദി അറേബ്യയ്ക്കുണ്ട്.
രാജ്യത്തിെൻറ ഭൂപ്രദേശങ്ങളെയും സമ്പത്തുകളെയും ലക്ഷ്യമിട്ടുള്ള ഏത് ആക്രമണത്തോടും യാതൊരു വിട്ടവീഴ്ചയുമില്ലാതെ പ്രതികരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിഷ്കളങ്കരായ സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് ഹൂതി ഭീകരന്മാർ തുടരുന്നതിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യം കടുത്ത മുന്നറിയിപ്പ് നൽകി. ഭീകരർ നടത്തുന്ന എല്ലാത്തരം അക്രമങ്ങളും സമുദ്ര ഗതാഗത സുരക്ഷയ്‌ക്കെതിരെയുള്ള നിരന്തരമായ ഭീഷണികളും ഉടൻ അവസാനിപ്പിക്കണമെന്ന താക്കീത് ആവർത്തിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും യു.എൻ സുരക്ഷാ കൗൺസിലിെൻറ പ്രമേയങ്ങൾ കർശനമായി നടപ്പാക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

